കൊല്ലപ്പെട്ട സിജില്‍.
മദ്യപിച്ച് വീട്ടില്‍ ബഹളം വച്ച മകനെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി. പാലക്കാട് കൊടുന്തരപ്പുള്ളിയിലാണ് സംഭവം. സിജില്‍ (33) എന്ന യുവാവിനെയാണ് അച്ഛന്‍ ശിവന്‍കുട്ടി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട സിജില്‍ കാപ്പാക്കേസ് പ്രതിയാണ്. കൃത്യത്തിന് ശേഷം ഒളിവിൽ പോയ അച്ഛന്‍ ശിവന്‍കുട്ടിയെ രാത്രിയോടെ പൊലീസ് പിടികൂടി.
ഇന്നലെ വൈകുന്നേരം വീട്ടില്‍ മദ്യപിച്ചെത്തിയ സിജിലും അച്ഛനുമായി വഴക്കുണ്ടായി. വഴക്ക് രൂക്ഷമായതോടെ രാത്രി ഏഴരയോടെ ശിവന്‍കുട്ടി മകനെ കൊലപ്പെടുത്തിയെന്നാണ് വിവരം. വീട്ടിലുണ്ടായിരുന്ന കൊടുവാളുപയോഗിച്ചാണ് ശിവന്‍കുട്ടി സിജിലിനെ വെട്ടിയത്. വെട്ടേറ്റ് വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ സിജിലിനെ അതുവഴി ബൈക്കിലെത്തിയ പരിചയക്കാർ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. രാത്രി എട്ടരയോടെ മരണം സംഭവിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
സിജില്‍ പതിവായി മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കാറുണ്ടെന്ന് അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ടും വീട്ടിൽ വഴക്കുണ്ടാക്കി. അത് അച്ഛനും മകനുമായി ഉന്തും തള്ളിലേക്കുമെത്തി. ഇതിനിടെയാണ് ശിവന്‍കുട്ടി കൊടുവാളെടുത്ത് സിജിലിനെ വെട്ടിയതെന്നാണ് പൊലീസ് പറയുന്നത്. പിടിവലിക്കിടെ സിജിലിന്റെ തൊണ്ടയുടെ ഭാഗത്തും പുറത്തും മുറിവേറ്റിട്ടുണ്ട്. സിജിലിന്റെ പേരിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 21-ലധികം കേസുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കൊലക്കുറ്റത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.