adoor-school-3

പത്തനംതിട്ട അടൂരില്‍ പ്രവേശനോല്‍സവ ദിനം ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയെ മുടിവെട്ടിയത് ശരിയായില്ല എന്ന് ആരോപിച്ച് പുറത്ത് നിര്‍ത്തിയെന്ന് പരാതി. സ്കൂള്‍ അധികൃതര്‍ വീഴ്ചസമ്മതിച്ചതോടെ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിച്ചു. അടൂര്‍ ഹോളി‍ ഏഞ്ചല്‍സ് സ്കൂളിലായിരുന്നു പുറത്തു നിര്‍ത്തലും തര്‍ക്കവും. സ്കൂളിലെ നിര്‍ദേശ പ്രകാരം മുടിവെട്ടി എത്തിയിട്ടും അടൂര്‍ സ്വദേശിയായ വിദ്യാര്‍ഥിയെ പുറത്തു നിര്‍ത്തുകയായിരുന്നു. പിതാവിനെ വിളിച്ച് വന്നില്ലെങ്കില്‍ ക്ലാസില്‍ കയറ്റില്ല എന്നു പറഞ്ഞു. 

പിതാവ് വന്നുപോയിട്ടും കുട്ടിയെ ക്ലാസില്‍ കയറ്റിയില്ല. ഇതോടെ പിതാവ് തിരിച്ചെ്തി സ്കൂള്‍ അധികൃതരുമായി വാക്കേറ്റം ഉണ്ടാവുകയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കടക്കം പരാതി നല്‍കുകയും ആയിരുന്നു. പ്രതിഷേധവുമായി കെഎസ്‌യു പ്രവര്‍ത്തകരും എത്തി. പ്രതിഷേധം രൂക്ഷമായതോടെ പൊലീസെത്തി. സ്കൂളിലെ അധ്യാപകര്‍ മാധ്യമപ്രവര്‍ത്തകരോടും തട്ടിക്കയറി. ഒടുവില്‍ ചര്‍ച്ചയ്ക്ക് ശേഷം പ്രശ്നം പരിഹരിച്ചു.

സ്കൂള്‍ അധികൃതര്‍ വീഴ്ച സമ്മതിച്ചതിനാല്‍ പരാതികള്‍ പിന്‍വലിക്കും എന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. സ്കൂളിന് മുടിവെട്ടുന്നതില്‍ അടക്കം അച്ചടക്ക നിര്‍ദേശങ്ങള്‍ ഉണ്ടെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു. മുടികൃത്യമായി വെട്ടാതെ വന്ന മറ്റുചില വിദ്യാര്‍ഥികളും ഉണ്ടായിരുന്നു. കൂടുതല്‍ സമയം പുറത്തു നിര്‍ത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. പി.ടി.അധ്യാപകനാണ് മുടി വെട്ടിയിട്ടും കുട്ടിയെ പിടിച്ചു നിര്‍ത്തിയത്. ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുമെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു. 

ENGLISH SUMMARY:

In Adoor, Pathanamthitta, a Class 9 student was reportedly denied entry into the classroom on the first day of school celebrations, allegedly due to an “improper” haircut. The issue occurred at Holy Angels School, Adoor. Despite the student having followed the school's haircut guidelines, he was kept outside the classroom. The school insisted the student could only enter class if his father was called. The issue was later resolved through discussions, with the school authorities acknowledging the mistake.