കോഴിക്കോട് നഗരത്തില്‍ ഒരുമാസത്തിനിടെ ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ ഏഴുപേരില്‍ നിന്നായി തട്ടിയെടുത്തത് അഞ്ചുകോടി 39 ലക്ഷം രൂപ. തട്ടിപ്പിനിരയായവരില്‍ ബാങ്ക് മാനേജറും ഉള്‍പ്പെടുന്നു. സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സാമൂഹികമാധ്യമങ്ങളിലെ പരസ്യം കണ്ടാണ് പലരും പതിനായിരം മുതല്‍ കോടികണക്കിന് രൂപ ഓണ്‍ലൈന്‍ ട്രേഡിങില്‍ നിക്ഷേപിക്കുന്നത്.
ഒരുമാസം കൊണ്ട് 20 മുതല്‍ 100 ശതമാനം വരെ ലാഭവിഹിതമെന്ന് കേള്‍ക്കുന്നതോടെ പണം നിക്ഷേപിക്കും. കഴിഞ്ഞമാസം ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പിലൂടെ പണം നഷ്ടമായവരുടെ പരാതിയില്‍ സൈബര്‍ പൊലീസ് ഏഴ് കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. ഫേസ്‌ബുക്കില്‍ വന്ന ലിങ്കില്‍ പണം നിക്ഷേപിച്ചതോടെ ബാങ്ക് മാനേജര്‍ക്ക് നഷ്ടമായത് 92 ലക്ഷം രൂപയാണ്. നഗരത്തിലെ പ്രമുഖ ബില്‍ഡര്‍ക്ക് ഒരുകോടിയിലധികം രൂപയും നഷ്ടമായി. സാമൂഹികമാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്ന ഓണ്‍ലൈന്‍ ട്രേഡിങ് സൈറ്റുകളുടെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ എത്തുക ടെലഗ്രാം, വാട്ടാസ് ആപ്പ് ഗ്രൂപ്പുകളിലേക്കാണ്.
ലാഭവിഹിതത്തെ സാധൂകരിക്കുന്ന ചര്‍ച്ചകള്‍ തട്ടിപ്പുസംഘം നടത്തും. ഇതോടെ ആളുകള്‍ പണം നിക്ഷേപിക്കും. പിന്നീട് പണം പിന്‍വലിക്കാന്‍ ശ്രമിക്കുന്നതോടെയാണ് തട്ടിപ്പ് തിരിച്ചറിയിക്കുക. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബാങ്ക് ജീവനക്കാരുമൊക്കെയാണ് തട്ടിപ്പിനിരയാവുന്നവരില്‍ ഭൂരിഭാഗം.