ആടുമാടുകളെ അറക്കുന്ന അതേ മനോനിലയോട് കൂടിയാണ് നജ്മുദ്ദീന്‍ എന്ന ഭര്‍ത്താവ് ഭാര്യ റഹീനയെ അറവുശാലയില്‍വച്ച് കഴുത്തറുത്ത് കൊന്നത്. നാടിനെ നടുക്കിയ ക്രൂരതയായിരുന്നു അത്. കല്യാണം കഴിഞ്ഞനാള്‍ മുതല്‍ നജ്മുദീന് റഹീനയെ സംശയമായിരുന്നു. ഇതിന്റെ പേരില്‍ വഴക്കും ബഹളവും മര്‍ദനവും പതിവ്. ഭാര്യ റഹീനയുമായി പിണങ്ങിയതിനെ തുടർന്ന് താമരശ്ശേരി കുടുംബ കോടതിയിലും മജിസ്ട്രേട്ട് കോടതിയിലും ഇരുവരും തമ്മിൽ കേസുകളുണ്ടായിരുന്നു. രമ്യതയിലായതിനെ തുടർന്ന് റഹീനയെ നജ്മുദ്ദീൻ വീണ്ടും പരപ്പനങ്ങാടിയിലെ വാടക വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ഇതിനിടെ നജ്മുദീന്‍ രണ്ടാംവിവാഹം കഴിച്ചു. കാളികാവ് സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച് സ്വന്തം വീട്ടില്‍ താമസിപ്പിച്ചു. എന്നാല്‍ ഇതിനിടെയിലും റഹീനയുടെ പിന്നാലെയായിരുന്നു നജ്മുദീന്‍. ഒരു ദിവസം തന്റെ അറവുകടയില്‍ ജീവനക്കാരില്ലെന്ന് പറഞ്ഞ് സഹായത്തിനെന്ന പേരില്‍ റഹീനയേയും കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ച് അറവുമാടുകളെ അറക്കുന്ന അതേ രീതിയില്‍ ആദ്യഭാര്യയെയും കൊലപ്പെടുത്തി. പുലർച്ചെ രണ്ടുമണിക്കാണ് റഹീന നജ്മുദ്ദീനോടൊപ്പം ബൈക്കിൽ കയറി അറവുശാലയിലേക്ക് പോയത്. റഹീനയുടെ മാതാവ് സുബൈദയും സഹോദരി റിസാനയും വീട്ടിലുണ്ടായിരുന്നു. പിറ്റേന്ന് റഹീനയെ നരിക്കുനിയിലുള്ള സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാൻ എത്തിയതായിരുന്നു അവർ.
കൊലപാതകത്തിന് ശേഷം മുങ്ങിയ പ്രതി തൃശൂർ, പാലക്കാട് , കോയമ്പത്തൂർ എന്നിവിടങ്ങളിൽ അലഞ്ഞുതിരിഞ്ഞ് കയ്യിലുള്ള പണം തീർന്നപ്പോൾ പണമെടുക്കാനായി വീട്ടിലേക്ക് വരുമ്പോഴാണ് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരത്തുവച്ച് പൊലീസ് പിടിയിലായത്.
എല്ലാ തെളിവുകളും നജ്മുദീന് എതിരായിരുന്നു. 66 രേഖകള്‍, 33 തൊണ്ടിമുതലുകള്‍, 41 സാക്ഷികളേയും വിസ്തരിച്ച ശേഷമാണ് കോടതി നജ്മുദീന് വധശിക്ഷ വിധിച്ചത്. അഞ്ചപ്പുരയിലുള്ള സ്വന്തം അറവുശാലയിൽവച്ച് 2017 ജൂലൈ 23നാണ് നജ്മുദീന്‍ ഭാര്യയെ കൊലപ്പെടുത്തിയത്. അഡീഷനൽ സെഷൻസ് കോടതി (രണ്ട്) ജഡ്ജി എ.വി.ടെല്ലസാണ് വിധി പ്രസ്താവിച്ചത്.
സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രതിയെ ശിക്ഷിക്കുന്നതിൽ നിർണായകമായത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി.ഷാജു ഹാജരായി. പ്രോസിക്യൂഷൻ ലെയ്സൺ ഓഫിസർമാരായ പി.അബ്ദുൽ ഷുക്കൂർ, ഷാജി മോൾ എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു. താനൂർ സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന സി.അലവിയാണ് കേസിൽ അന്വേഷണം നടത്തിയത്.