TOPICS COVERED

രാത്രി മുഴുവന്‍ മോഷണം നടത്തിയ ശേഷം മോഷണമുതല്‍ പകല്‍ വിറ്റ് പണമാക്കി മദ്യവും ഭക്ഷണവും വാങ്ങിക്കഴിഞ്ഞിരുന്ന യുവാക്കള്‍ പിടിയില്‍. കൊല്ലം കടയ്ക്കല്‍ വെളിനല്ലൂര്‍ സ്വദേശിയായ ആരോമലും സംഘവുമാണ് പൊലീസിന്‍റെ പിടിയിലായത്. ആരോമലിനെ കൂടാതെ ചന്തു, അഖില്‍, മനോജ് എന്നിവരും അറസ്റ്റിലായി. ഓയൂര്‍, കരിങ്ങന്നൂര്‍, കാളവയല്‍ എന്നീ പ്രദേശങ്ങളില്‍ നാല്‍വര്‍ സംഘം പതിവായി മോഷണം നടത്തി വരികയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പ്രദേശത്തെ വീടുകളില്‍ നിന്നും റബര്‍ ഷീറ്റ്, ഒട്ടുപാല്‍, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവയാണ് ആരോമലും സംഘവും മോഷ്ടിച്ചിരുന്നത്. പൊറുതിമുട്ടിയ നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാതിരുന്നതോടെ കണ്ടെത്താന്‍ പൊലീസും ബുദ്ധിമുട്ടി.  തുടര്‍ന്ന് പൂയപ്പള്ളി സബ് ഇന്‍സ്പെക്ടര്‍ രജനീഷിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. 

പൊലീസ് കൃത്യമായി വല വിരിച്ചതോടെ രാത്രി മോഷ്ടിച്ച വസ്തുക്കള്‍ സംഘം പകല്‍ വിറ്റ് കാശാക്കി ജീവിക്കുകയാണെന്ന് കണ്ടെത്തി. ഭക്ഷണവും മദ്യവും വാങ്ങിയെത്തുന്ന സംഘം പ്രദേശത്തെ വെള്ളച്ചാട്ടത്തിനരികിലാണ് പകല്‍നേരം ചെലവഴിച്ചിരുന്നത്. തിരഞ്ഞ് വെള്ളച്ചാട്ടത്തിന് സമീപമെത്തിയ പൊലീസ് ഇവരെ കയ്യോടെ പിടികൂടുകയും ചെയ്തു. 

ENGLISH SUMMARY:

A gang of four youths from Velinalloor in Kollam, including a man known as Aromal, has been arrested for stealing rubber sheets and latex at night and selling them to fund their daytime alcohol and food. The culprits avoided mobile phone use to evade police tracking, but a special squad led by Pooyappally SI Rajaneesh cracked the case after locals filed repeated complaints.