അണ്ണാ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതി ജ്ഞാനശേഖരന്‍ കുറ്റക്കാരന്‍ എന്ന് കോടതി. ചെന്നൈ മഹിളാ കോടതിയുടേതാണ് ഉത്തരവ്. ജൂണ്‍ 2 ന് ശിക്ഷാവിധി പ്രഖ്യാപിക്കും. ബലാല്‍സംഗം അടക്കം 11 കുറ്റങ്ങളും തെളിഞ്ഞതായി കോടതി. ഡിസംബര്‍ 23ന് ക്യാംപസിനുള്ളില്‍ വച്ചാണ് വിദ്യാര്‍ഥിനി അതിക്രമത്തിന് ഇരയായത്. 24ന് കോട്ടൂര്‍പുരം ഓള്‍ വിമന്‍ പൊലീസ് സ്റ്റേഷനില്‍ യുവതി പരാതി നല്‍കി. വിദ്യാര്‍ഥിനി ആണ്‍ സുഹൃത്തിനൊപ്പം നില്‍ക്കുകയായിരുന്നു.
ഈ സമയം ഇവിടേയ്ക്കെത്തിയ ബിരിയാണി വില്‍പനക്കാരനായ പ്രതി ഇവരെ ഭീഷണിപ്പെടുത്തുകയും പെണ്‍കുട്ടിയെ ഉപദ്രവിക്കുകയുമായിരുന്നു. കേസിന്‍റെ എഫ്ഐആര്‍ ചോര്‍ന്നത് ഏറെ വിവാദമായി. തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി കേസ് അന്വേഷണത്തിനായി വനിതകള്‍ മാത്രമുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഫെബ്രുവരിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.