ഇടവേളയ്ക്ക് ശേഷം വീണ്ടും ബെംഗളുരുവില്‍ റേവ് പാര്‍ട്ടി അറസ്റ്റ്. ഇന്നലെ പുലര്‍ച്ചെ രാജ്യാന്തര വിമാനത്താവളത്തിനു സമീപമുള്ള ഫാം ഹൗസില്‍ നടന്ന റെയ്ഡില്‍ 31 പേര്‍ അറസ്റ്റിലായി. ഹൈബ്രിഡ് കഞ്ചാവും ചരസും ഓപിയവുമടക്കമുള്ള ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു.
കണ്ണമംഗല ഗേറ്റിനു സമീപത്തെ വിശാലമായ ഫാം ഹൗസിലായിരുന്നു ലഹരി പാര്‍ട്ടി. വൈകിട്ട് അസാധാരണമായ രീതിയില്‍ ഫാമിലേക്ക് ആളുകളത്തുന്നതു സമീപവാസികള്‍ പൊലീസിന്‍റെ ശ്രദ്ധയില്‍പെടുത്തി. ഡ്രഗ് പാര്‍ട്ടിയാണന്നു സ്ഥിരീകരിച്ച പൊലീസ് പുലര്‍ച്ചെ വരെ കാത്തിരുന്നു. 5മണിയോടെ ഫാമിലേക്ക് ഇരച്ചുകയറി. 31 പേര്‍ അറസ്റ്റിലായി. ഇതില്‍ ഏഴുപേര്‍ സ്ത്രീകളാണ്. മിക്കവരും നഗരത്തിലെ ഐ.ടി.കമ്പനികളില്‍ ജോലി ചെയ്യുന്ന ടെക്കികളാണ്. മൂത്രവും രക്തവും പരിശോധനയ്ക്കായി ശേഖരിച്ച പൊലീസ് കൂടുതല്‍ നടപടികള്‍ക്കായി ലാബ് റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്.
കൊക്കെയിന്‍,ചരസ്,കറുപ്പ്, ഹൈബ്രിഡ് കഞ്ചാവ്, വിലകൂടി മദ്യങ്ങള്‍ എന്നിവ പിടിച്ചെടുത്തു. ഫാമിന്‍റെ നടത്തിപ്പുകാരനെയും അറസ്റ്റ് ചെയ്തു. ജന്‍മദിനാഘോഷമെന്ന പേരില്‍ ഓണ്‍ലൈന്‍ വഴിയായിരുന്നു പാര്‍ട്ടിക്ക് ആളുകളെയെത്തിച്ചിരുന്നത്.