പമ്പുകളിലെത്തി പണം അടങ്ങിയ ബാഗ് തട്ടിപ്പറിച്ച് മുങ്ങുന്ന സംഘം പിടിയില്‍. ഒരു രാത്രി തന്നെ തിരുവനന്തപുരത്തെ മൂന്ന് പമ്പുകളില്‍ മോഷണം നടത്തിയ യുവാക്കളേയാണ് പൊഴിയൂര്‍ പൊലീസ് പിടികൂടിയത്. മോഷണ ദൃശ്യം മനോരമ ന്യൂസിന് ലഭിച്ചു.
പണം അടങ്ങിയ ബാഗും തട്ടിപ്പറിച്ച് ബൈക്കില്‍ കയറി മുങ്ങുന്ന സംഘം ഇവരാണ്. നെയ്യാറ്റിന്‍കര മര്യാപുരം സ്വദേശി ബിബിജിതും കരിക്കകം സ്വദേശി ആനന്ദനും. ഇവരുടെ മോഷണരീതിയാണ് ഇത്. വഴി ചോദിച്ചോ ചില്ലറ ചോദിച്ചോ രാത്രി സമയത്ത് പമ്പിലെത്തും. പണം അടങ്ങിയ ബാഗും പിടിച്ചിരിക്കുന്ന ജീവനക്കാരന്‍ ഒറ്റാക്കാണന്ന് കണ്ടാല്‍ പിടിച്ച് പറിച്ച് ഓടും.
ശയാഴ്ച രാത്രി തിരുവനന്തപുരത്തെ മൂന്ന് പമ്പിലാണ് ഇവര്‍ ഇങ്ങിനെ മോഷണം നടത്തിയത്. ആദ്യം പൊഴിയൂരിലെ ഉച്ചക്കടയിലെ പമ്പില്‍. അവിടെ നിന്ന് 8500 രൂപ. അതിന് ശേഷം നെയ്യാറ്റിന്‍കര കൃഷ്ണപുരത്തെ പമ്പില്‍. അടിച്ച് മാറ്റിയത് ഇരുപതിനായിരം രൂപ. ഒടുവില്‍ വിഴിഞ്ഞം മുക്കോലയിലെ പമ്പില്‍ നിന്ന് 7500 രൂപ. മോഷണത്തിന് ശേഷം കൊച്ചുവേളി റയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വന്ന് ഒളിവില്‍ കഴിഞ്ഞ ഇവരെ മൊബൈല്‍ ടവര്‍ പിന്തുടര്‍ന്നെത്തിയ പൊഴിയൂര്‍ പൊലീസ് പിടികൂടുകയായിരുന്നു.