മകളെ വിവാഹം ചെയ്ത് കൊടുക്കാത്തതിന്‍റെ പകയിൽ അയൽവാസിയുടെ കുത്തേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. മംഗലപുരം തോന്നയ്ക്കൽ പാട്ടത്തിൽ സ്വദേശി താഹയാണ് മരിച്ചത്. സംഭവത്തിൽ സമീപവാസിയായി റാഷിദിനെ മംഗലപുരം പൊലീസ് അറസ്റ്റുചെയ്തു. കത്തിയുമായെത്തിയ പ്രതി താഹയുടെ വീട്ടിൽ കയറി ഇയാളെ കുത്തുകയായിരുന്നു.
മകളെ വിവാഹം ചെയ്ത് തരാത്തതിനാലാണ് കൊലപാതകമമെന്ന് പൊലീസിനോട് പ്രതി പറഞ്ഞു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. റാഷിദ് വീട്ടിലേക്ക് ഓടിക്കയറി കത്തികൊണ്ട് താഹയെ കുത്താൻ ശ്രമിച്ചു. താഹയുടെ ഭാര്യ നൂർജഹാൻ അത് തടഞ്ഞതോടെ, നൂർജഹാനെ തള്ളിയിട്ട ശേഷമാണ് ഇയാൾ താഹയെ കുത്തിയത്. സംഭവശേഷം രക്ഷപ്പെടാൻ ശ്രമിച്ച റാഷിദിനെ നാട്ടുകാർ പിടികൂടി മംഗലപുരം പൊലീസിന് കൈമാറി.
വയറ്റിൽ കുത്തേറ്റ താഹ രക്ഷപ്പെടാനായി മുകളിലത്തെ നിലയിലേക്ക് ഓടിയെങ്കിലും റാഷിദ് പിന്നാലെയെത്തി വീണ്ടും കുത്തി. കുടൽമാല പുറത്തുവരുന്നത് വരെ കുത്തിയ പ്രതിയെ ഓടിയെത്തിയ നാട്ടുകാർ തടഞ്ഞ് പൊലീസിന് വിവരമറിയിരിക്കുകയായിരുന്നു. ഈ മാസം 28ന് താഹയും ഭാര്യയും ഹജ്ജ് യാത്രയ്ക്ക് പുറപ്പെടാനിരിക്കുകയായിരുന്നു.