പീഡനക്കേസില്‍ ജാമ്യം കിട്ടിയതിന് റോഡില്‍ റാലി നടത്തിയാഘോഷിച്ച് പ്രതികള്‍. കര്‍ണാടകയിലെ ഹാവേരിയിലാണു കൂട്ടബലാത്സംഗക്കേസ് പ്രതികള്‍ കാര്‍ റാലി നടത്തിയത്. അനധികൃതമായി കൂട്ടം കൂടിയതിനും അപകടകരമായി വാഹനമോടിച്ചതിനും പ്രതികള്‍ക്കെതിരെ കേസെടുത്തു.
വമ്പന്‍ വിജയങ്ങള്‍ വെട്ടിപിടിച്ചതിന്റേയല്ല, നിസഹയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയി പിച്ചിചീന്തിയ കേസില്‍ സങ്കേതികതയുടെ പേരില്‍ ജാമ്യം കിട്ടിയതിനാണ് ആഘോഷം. സദചാര ഗുണ്ടകളായി വ്യത്യസ്ത സമുദായങ്ങളില്‍പെട്ട കമിതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് ഇരച്ചുകയറി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂര ബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതികളാണ് ഇവരെല്ലാം.
2024 ജനുവരി 8നു ഹാവേരി ഹങ്കല്‍ ടൗണിലായിരുന്നു സംഭവം.ഏഴു പ്രതികള്‍ക്കും 17മാസത്തിനുശേഷം അടുത്തിടെയാണു ജാമ്യം കിട്ടിയത്. ഹാവേരി സബ് ജയിലില്‍ നിന്നും പുറത്തിറങ്ങുന്നതു മുതല്‍ കാറും ബൈക്കും വടിവാളുകളുമേന്തി റാലി നടത്തിയാണു പ്രതികളെ നാട്ടിലെത്തിച്ചത്. ജയിലില് നടന്ന തിരച്ചറിയല്‍ പരേഡില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് തിരിച്ചറിയാന്‍ കഴിയാത്തതിനെ തുടര്‍ന്നാണു പ്രതികള്‍ക്കു പുറത്തിറങ്ങാനായത്.