ബെംഗളുരു മെട്രോയിലെ സ്ത്രീ യാത്രക്കാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ വില്‍പനയ്ക്ക് വച്ച വിരുതന്‍ അറസ്റ്റില്‍. ബംഗളൂര്‍ മെട്രോ ചിക്ക്സെന്ന ഇന്‍സ്റ്റാ പേജിന്റെ ഉടമയായ ഹാവേരി സ്വദേശിയാണ് പിടിയിലായത്. വന്‍ പ്രതിഷേധമുയര്‍ന്നതോടെ പൊലീസ് കേസെടുത്ത് തിരച്ചില്‍ നടത്തുകയായിരുന്നു.
സ്ത്രീ യാത്രക്കാരുടെ വിവിധ ആംഗിളുകളിലുള്ള ഫോട്ടോകളും ദൃശ്യങ്ങളും അവറിയാതെ പകര്‍ത്തുക. എന്നിട്ട് അവ ഇന്‍സ്റ്റാ ഗ്രാമില്‍ പങ്കുവെയ്ക്കുക. കൂടുതല്‍ ഫോട്ടോകളും ദൃശ്യങ്ങളും വിലകൊടുത്തുവാങ്ങുന്നതിനായി ടെലഗ്രാം ലിങ്ക് നല്‍കുക. ബെംഗളുരു മെട്രോ ചിക്ക്സെന്ന ഇന്‍സ്റ്റാ പേജിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. പേജിന് അയ്യായിരത്തിലധികം ഫോളോവേഴ്സുമുണ്ടായിരുന്നു.
വിമര്‍ശനമുയര്‍ന്നതിനു പിന്നാലെ പൊലീസ് കേസെടുത്തു. ഇന്‍സ്റ്റാ അക്കൗണ്ട് വിവരങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഉടമ ഹാവേരി സ്വദേശി ദിഗന്താണന്നു വ്യക്തമായത്. ഇയാളെ പീനയയില്‍ നിന്നാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. വിശദമായി ചോദ്യം ചെയ്യുന്നതു തുടരുകയാണ്. കൂടുതല്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോ.ഏതൊക്കെ സ്റ്റേഷനുകളിലെ ദൃശ്യങ്ങളാണു പകര്‍ത്തിയതടക്കമുള്ളവ കണ്ടെത്തേണ്ടതുണ്ട്.