പാലക്കാട് ഒറ്റപ്പാലത്ത് സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍. ബാങ്ക് ജീവനക്കാർ തന്നെയ്യാണ് രണ്ടുപേരെയും കയ്യോടെ പൊലീസിൽ ഏൽപ്പിക്കുന്നത്. ബാങ്കിന്‍റെ ഈസ്റ്റ് ഒറ്റപ്പാലം ബ്രാഞ്ചിൽ ആണ് തട്ടിപ്പിന് ശ്രമം നടന്നത്.
ബുധനാഴ്ച ഉച്ചയ്ക്ക് 12:30 ഓടെയാണ് ഒറ്റപ്പാലം സ്വദേശികളായ വിനീഷും ഷഹീറും ബാങ്കിലെത്തിയത്. വള പണയം വെച്ച് പണം വാങ്ങലായിരുന്നു ഉദേശ്യം. 916 മുദ്രയുണ്ടെന്നും പവന് 52,000 രൂപ വേണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ ബാങ്ക് ജീവനക്കാര്‍ വള പരിശോധിച്ചതോടെ വള മുക്കുപണ്ടമാണെന്ന് തെളിയുകയായിരുന്നു. ഒട്ടും വൈകാതെ ജീവനക്കാര്‍ ഒറ്റപ്പാലം പൊലീസിനെ വിവരം അറിയിച്ചു. രണ്ടു പേരെയും തടഞ്ഞ് വെച്ചു കൈയ്യോടെ പൊലീസിനെ ഏൽപ്പിച്ചു. ബാങ്ക് ജീവനക്കാരി ശരണ്യയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.