ആലുവയില്‍ അമ്മ പുഴയിലെറിഞ്ഞു കൊന്ന മൂന്നരവയസുകാരി അച്ഛന്‍റെ വീട്ടില്‍ നിരന്തര പീഡനത്തിനിരയായിരുന്നുവെന്ന് സ്ഥിരീകരിച്ച് പൊലീസ്. അച്ഛന്‍റെ അടുത്ത ബന്ധു ഒന്നര വര്‍ഷത്തോളം കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പൊലീസ് പറയുന്നു. അമ്മ വെള്ളത്തിലെറിഞ്ഞതിനെ തുടര്‍ന്ന് ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെങ്കിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ കേരളത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. പിഞ്ചുകുഞ്ഞ് ലൈംഗികമായി ഉപദ്രവിക്കപ്പെട്ടിരുന്നുവെന്ന ഡോക്ടറുടെ വെളിപ്പെടുത്തലില്‍ പൊലീസ് കുട്ടിയുടെ ബന്ധുക്കളെ ചോദ്യം ചെയ്യുകയായിരുന്നു.
തുടക്കത്തില്‍ നിഷേധിച്ചുവെങ്കിലും നിരന്തരമായ ചോദ്യം ചെയ്യലില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് അച്ഛന്‍റെ അടുത്ത ബന്ധു കുറ്റം സമ്മതിച്ചു. വീടിനുള്ളില്‍ വച്ചാണ് കുഞ്ഞിനെ പീഡിപ്പിച്ചിരുന്നതെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി. ഇയാള്‍ക്കെതിരെ പോക്സോ കേസ് റജിസ്റ്റര്‍ ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാവിലെ മുതലാണ് ഇയാളെ പൊലീസ് ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. ഭര്‍തൃവീട്ടില്‍ താന്‍ ശാരീരിക–മാനസിക പീഡനങ്ങള്‍ക്കിരയായിരുന്നതായി കുട്ടിയുടെ അമ്മയും പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇവരെ 7 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
തിങ്കളാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് കുട്ടിയെ അമ്മ അങ്കണവാടിയില്‍ നിന്നും കൂട്ടിക്കൊണ്ടു പോയത്. ആലുവ കുറുമശേരിയിലെ വീട്ടിലേക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയെങ്കിലും ആലുവയിലെത്തിയ ശേഷം പുഴയിലേക്ക് എറിയുകയായിരുന്നു. തുടര്‍ന്ന് കുറുമശേരിയിലെ സ്വന്തം വീട്ടിലെത്തിയ യുവതിയോട് അമ്മ കുഞ്ഞിനെ തിരക്കിയപ്പോള്‍ ബസില്‍ വച്ച് കാണാതായെന്നായിരുന്നു മറുപടി. പരസ്പര വിരുദ്ധമായ മൊഴികളെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പാലത്തില്‍ നിന്നുമെറിഞ്ഞുവെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് എട്ടര മണിക്കൂറോളം നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തി.