കൊല്ലം ചിതറയില്‍ യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു. മടത്തറ സ്വദേശി സുജിന്‍ (29) ആണ് കൊല്ലപ്പെട്ടത്. തുമ്പമണ്‍തൊടി കാരറക്കുന്നിന് സമീപം ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സുജിനും ഒപ്പമുണ്ടായിരുന്ന അനന്തുവിനും നേരെ ആക്രമണം ഉണ്ടായത്. അനന്തുവിനും കുത്തേറ്റിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാര്‍ രണ്ടുപേരെയും ആദ്യം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. വയറിന് കുത്തേറ്റ സുജിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അതേസമയം, അനന്തുവിന്‍റെ പരുക്ക് ഗുരുതരമല്ല.
തുമ്പമൺതൊടി സ്വദേശികളായ വിവേക്, സൂര്യജിത്ത്, ലാലു എന്നറിയപ്പെടുന്ന ബിജു, മഹി, വിജയ് എന്നിവരാണ് കസ്റ്റഡിയില്‍ ഉള്ളത്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അതേസമയം ലഹരി വില്‍പ്പന സുജിന്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് പ്രതികള്‍ ആക്രമിച്ചതെന്നാണ് നാട്ടുകാരുടെ മൊഴി. ഇത് സംബന്ധിച്ച് നേരത്തെയും വാക്കുതര്‍ക്കം ഉണ്ടായിട്ടുണ്ടെന്നും ലഹരി വില്‍പ്പന എതിര്‍ത്തതിന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.