കണ്ണൂര്‍ കാഞ്ഞിരക്കൊല്ലി കൊലപാതകത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. രണ്ടാംപ്രതി രതീഷാണ് പൊലീസിന്‍റെ പിടിയിലായത്. ഒന്നാംപ്രതി വിജേഷിനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. ഇന്നലെയാണ് നിധീഷിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നത്. കൊല്ലപ്പണിക്കാരനായ മടത്തേടത് നിധീഷ് ബാബുവിന്‍റെ വീടിനോട് ചേര്‍ന്ന ആലയില്‍ ഇന്നലെ എത്തിയ വിജേഷും രതീഷും നിതീഷിനോട് അകാരണമായി ചൂടാവുകയായിരുന്നു. വാക്കുതര്‍ക്കമായതോടെ വാക്കത്തി എടുത്ത് നിധീഷിന്‍റെ തലയ്ക്ക് വെട്ടി. തടസം പിടിക്കാനെത്തിയ നിധീഷിന്റെ ഭാര്യ ശ്രുതിക്കും വെട്ടേറ്റു. ശ്രുതി ആശുപത്രിയില്‍ ചികില്‍സയിലാണ്.
നിധീഷിനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നാലെ പ്രതികള്‍ ബൈക്കില്‍ കടന്നുകളഞ്ഞു. പ്രതികള്‍ നേരത്തെയും നിധീഷിന്‍റെ ആലയില്‍ എത്തിയിട്ടുണ്ടെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. അതേസമയം, എന്തിനാണ് ഇവര്‍ എത്തിയതെന്നും വാക്കുതര്‍ക്കമുണ്ടായത് എന്തിനെച്ചൊല്ലിയാണെന്നതിലും വ്യക്തതയില്ല.