ആലുവ മൂഴിക്കുളത്ത് മൂന്ന് വയസുകാരിയെ അമ്മ പുഴയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ നിര്‍ണായക വഴിത്തിരിവ്. പിതാവിന്റെ അടുത്ത ബന്ധുവിനെ പുത്തന്‍കുരിശ് പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് നടപടി. പുത്തന്‍കുരിശ് പൊലീസ് പുതിയ കേസ് റജിസ്റ്റര്‍ ചെയ്യും.
പുഴയിലെറിഞ്ഞതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഇതിനൊപ്പം ചില വിവരങ്ങള്‍ കൂടി പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ക്ക് ലഭിച്ചിരുന്നു. ഇത് പൊലീസിനോട് വ്യക്തമാക്കിതിനെ തുടര്‍ന്നാണ് പിതാവിന്‍റെ അടുത്ത ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റിന് ശേഷം കേസിന്‍റെ വിശദമായി വിവരങ്ങള്‍ ലഭിക്കും.
കുഞ്ഞിെന കൊലപ്പെടുത്തിയ കേസില്‍ അമ്മ നിലവില്‍ അമ്മ ആലുവ സബ് ജയിലിലാണ്. ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങാനുള്ള നടപടിയിലേക്ക് കടക്കുന്നതിനിടെയാണ് പുതിയ വഴിത്തിരിവ്. ഇന്ന് പുത്തൻകുരിശ് പൊലീസ് മറ്റക്കുഴിയിലെ വീട്ടിലെത്തി കുട്ടിയുടെ പിതാവിനെയും അടുത്ത ബന്ധുക്കളെയും അടക്കം മൂന്നു പേരെ ചോദ്യം ചെയ്തിരുന്നു.
ഭർത്താവിന്റെ കുടുംബം വിഷമിക്കുന്നത് കാണാനാണ് മൂന്നു വയസുകാരിയെ കൊലപ്പെടുത്തിയതെന്നാണ് അമ്മ പൊലീസിന് നല്‍കിയ മൊഴി. മകളെ കൊല്ലണമെന്ന ഉദ്ദേശത്തോടെ അമ്മ ആദ്യമെത്തിയതു ശിവരാത്രി മണപ്പുറത്താണെന്നും നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് കുട്ടിയുമായി മൂഴിക്കുളത്തേക്കു പോവുകയായിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു.