ആലുവയിൽ മൂന്നര വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസില്‍ അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. ആലുവ ഡിവൈഎസ്പി ടി.ആര്‍ രാജേഷിന്‍റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അമ്മ സന്ധ്യയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി. കുടുംബപ്രശ്നം മൂലമുണ്ടായ മാനസിക സമ്മർദമാണ് കുറ്റകൃത്യത്തിന് കാരണമെന്ന് സന്ധ്യ പൊലീസിനോട് സമ്മതിച്ചു. ഇവരുടെ മാനസിക നില പരിശോധിക്കും. കല്യാണിയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസകോശം ഉള്‍പ്പെടെ ആന്തരിക അവയവങ്ങളില്‍ വെള്ളം കയറി. കളമശേരി മെഡിക്കല്‍ കോളജിലെ പോസ്റ്റ്്മോര്‍ട്ടത്തിന് ശേഷം കല്യാണിയുടെ മൃതദേഹം തിരുവാങ്കുളം മറ്റക്കുഴിയിലെ വീട്ടിലേക്ക് കൊണ്ടുപോയി.
എട്ടര മണിക്കൂർ നീണ്ട തിരച്ചിൽ. നാടിന്റെയാകെ പ്രാർഥന. എല്ലാം വിഫലമായി. മൂന്നര വയസുകാരി കല്യാണിയുടെ ചേതനയറ്റ, മരവിച്ച പിഞ്ചു ശരീരം ചാലക്കുടിപ്പുഴയുടെ ആഴങ്ങളിൽ നിന്നെടുത്ത കാഴ്ച്ച ഹൃദയം തകർക്കുന്നതായിരുന്നു. ഭൂമിയിലെ ഏറ്റവും സുരക്ഷമെന്ന് കരുതിയ അമ്മയുടെ കൈകൾ തന്നെ കുരുന്നു ജീവനെടുത്തു. പ്രതി സന്ധ്യ ചെങ്ങമനാട് പൊലീസിന്റെ കസ്റ്റഡിയിലാണ്. കുഞ്ഞിനെ കാണാതായത് മുതൽ പരസ്പര വിരുദ്ധമായ മൊഴികളാണ് സന്ധ്യ നൽകിയിട്ടുള്ളത്. കുറുമശ്ശേരി സ്വദേശി സന്ധ്യയുടെയും തിരുവാങ്കുളം സ്വദേശി സുഭാഷിന്റെയും മകളാണ് കൊല്ലപ്പെട്ട കല്യാണി. മറ്റക്കുഴിയിലെ അങ്കണവാടിയിൽ നിന്നും തന്റെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുവരുന്നതിനിടയിൽ ബസിൽവച്ച് കുട്ടിയെ കാണാതായി എന്നാണ് സന്ധ്യ ആദ്യം പറഞ്ഞത്.
ഭർതൃവീട്ടുകാർ പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് അമ്മയും കുട്ടിയും മൂഴിക്കുളത്ത് ബസ്സിറങ്ങിയതായി കണ്ടെത്തി. മൂഴിക്കുളം പാലത്തിൽ നിന്ന് കുട്ടിയെ താഴേയ്ക്കിട്ടെന്ന് സന്ധ്യ മൊഴിനൽകി. ഇതോടെ പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചു. ഇരുട്ടും ആഴവും പുഴക്കടിയിലെ തടിക്കഷ്ണങ്ങളും കനത്ത മഴയും തിരച്ചിൽ ദുഷ്ക്കരമാക്കി. തുടർന്ന് സ്കൂബ സംഘം തിരിച്ചിലിനെത്തി. വൈകീട്ട് നാലുമണിയോടെ കാണാതായ കുട്ടിയുടെ മൃതദേഹം പുലർച്ചെ 2.20 ന് പുഴയുടെ നടുവിലെ തൂണിനടുത്ത് നിന്ന് ലഭിച്ചു. സന്ധ്യയുടെ ഭർത്താവിനെയും വീട്ടുകാരെയും അടക്കം വിളിച്ചുവരുത്തി പൊലീസ് ചോദ്യം ചെയ്യും.