കാസർകോട് ദലിത് പെൺകുട്ടിയുടെ മരണത്തിൽ അന്വേഷണം പ്രമുഖ വ്യവസായിയിലേക്ക്. കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായ സംശയത്തിലാണ് അന്വേഷണസംഘം. കേസിൽ മറ്റൊരാൾക്കും പങ്ക് ഉള്ളതായി സംശയമുണ്ടെന്ന് പെൺകുട്ടിയുടെ കുടുംബം ഹൈക്കോടതിയെ അറിയിച്ചു. വ്യവസായി നാടുവിട്ടെന്നാണ് സൂചന. പ്രതി ബൈജു പൗലോസിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍വിട്ടു.
കാസർകോട് അമ്പലത്തറ സ്വദേശിനിയായ ദലിത് പെൺകുട്ടി നേരിട്ടത് ക്രൂര പീഡനം. കുട്ടി കൂട്ട ബലാൽസംഗത്തിന് ഇരയായെന്ന സംശയത്തിലാണ് അന്വേഷണസംഘം. കേസിൽ 15 വർഷത്തിനുശേഷം അറസ്റ്റിലായ പാണത്തൂർ സ്വദേശി ബൈജു പൗലോസ് പെൺകുട്ടിയുടെ ശരീരം പുഴയിൽ തള്ളി എന്ന് മാത്രമാണ് സമ്മതിച്ചിരിക്കുന്നത്. മരണം എങ്ങനെയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്രൈം ബ്രാഞ്ച്. പെൺകുട്ടിയുടെ ശരീരം പുഴയിൽ തള്ളാൻ കൊണ്ടുപോയത് പ്രമുഖ വ്യവസായിയുടെ വാഹനത്തിൽ ആണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
അന്വേഷണ പരിധിയിൽ വന്നതോടെ ആരോപണ വിധേയനായ വ്യവസായി കേരളം വിട്ടെന്നാണ് സൂചന. ബൈജു പൗലോസിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് ക്രൈം ബ്രാഞ്ച്. അതിനിടെ കേസിൽ മറ്റൊരാൾക്ക് പങ്കുണ്ടെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ ഹൈക്കോടതിയെ അറിയിച്ചു. മാതാപിതാക്കളെ നേരിട്ട് കണ്ട് ആശങ്ക പരിഹരിക്കണമെന്ന് ക്രൈംബ്രാഞ്ചിനോട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെട്ട ഡിവിഷണൽ ബെഞ്ച് നിർദ്ദേശിച്ചു. ജൂൺ 9ന് കേസ് വീണ്ടും പരിഗണിക്കുന്നതിന് മുമ്പ് മാതാപിതാക്കൾ ഉന്നയിച്ച വിഷയത്തിൽ എന്ത് നടപടി സ്വീകരിച്ചു എന്ന് റിപ്പോർട്ട് നൽകണമെന്ന് സർക്കാറിനോട് കോടതി ആവശ്യപ്പെട്ടു.