കൊല്ലപ്പെട്ട ഉഷാ സിങ്. Image Credit: X/kscChouhan
40 കാരിയെ കഴുത്തുഞെരിച്ച് കൊന്ന് 15 കാരി മകളും 17 കാരനായ കാമുകനും. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്നൗവിലെ ചിന്‍ഹത് മേഖലയിലാണ് ദാരുണ സംഭവം നടന്നത്. ഉഷാ സിങ് ആണ് കൊല്ലപ്പെട്ടത്. കൊലപാതക ശേഷം അന്വേഷണം വഴിതെറ്റിക്കാന്‍ സംഭവത്തെ മോഷണവും ലൈംഗികാതിക്രമവുമായി ചിത്രീകരിക്കാനും ഇരുവരും ശ്രമിച്ചു. പ്രദേശത്തെ സിസിടിവില്‍ പതിഞ്ഞ ദൃശ്യങ്ങളും പൊലീസിന്‍റെ ചോദ്യം ചെയ്യലുമാണ് പ്രതികളെ കുടുക്കിയത്.
ഞായറാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് 40 കാരി വീട്ടിനുള്ളില്‍ കൊല്ലപ്പെടുന്നത്. പത്ത് വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ച യുവതിയും മകളും മാത്രമാണ് വീട്ടില്‍ താമസം. അഞ്ജാതര്‍ വീട്ടിലെത്തി അമ്മയെ കൊലപ്പെടുത്തി രക്ഷപ്പെട്ടു എന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി. പെണ്‍കുട്ടിയുടെ അമ്മാവന്‍ സ്ഥലത്തെത്തിയാണ് പൊലീസിനെ വിവരമറിയിക്കുന്നത്. അമ്മാവന്‍റെ സാന്നിധ്യത്തില്‍ സംഭവ സ്ഥലത്തുവച്ച് വനിതാ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയെ ചോദ്യം ചെയ്തു.
വീട്ടിൽ എത്രപേർ അതിക്രമിച്ചു കയറി, അവർക്ക് ആയുധങ്ങളുണ്ടായിരുന്നോ, കവർച്ചയുടെ ലക്ഷണങ്ങൾ ഇല്ലാതിരുന്നത് എന്തുകൊണ്ട്, സംഭവം നടക്കുമ്പോൾ പെൺകുട്ടി എവിടെയായിരുന്നു തുടങ്ങിയ ചോദ്യങ്ങളാണ് പോലീസ് ചോദിച്ചത്. ഇതിന് കൃത്യമായ ഉത്തരം നല്‍കാന്‍ കുട്ടിക്ക് സാധിച്ചില്ല. അതേസമയം പൊലീസ് സിസിടിവി പരിശോധിച്ചതില്‍ സംഭവം നടക്കുന്ന സമയം പ്രദേശത്തേക്ക് ആരെങ്കിലും എത്തിയതിന്‍റെയോ തിരിച്ചു പോയതിന്‍റെയോ സൂചന ലഭിച്ചില്ല.
അമ്മയുടെ കൊലപാതകത്തിന് മുന്‍പ് 17കാരനെ വിളിച്ച വിവരം കൂടി ലഭിച്ചതോടെ പെണ്‍കുട്ടി കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതിയായ 17 കാരനുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. കഴിഞ്ഞ വർഷം രണ്ടുപേരും ഒളിച്ചോടിയിരുന്നു. പെൺകുട്ടിയെ കണ്ടെത്തിയ പൊലീസ് 17 കാരനെതിരെ കേസെടുക്കുകയും ജുവനൈൽ ഹോമിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പരാതി നല്‍കിയതിനും ജുവനൈല്‍ ഹോമിലേക്ക് മാറ്റിയതിനും യുവതിയെ കൊല്ലുമെന്ന് 17 കാരന്‍ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു.
ശനിയാഴ്ച രാത്രിയോടെ 17 കാരന്‍ പെണ്‌കുട്ടിയുടെ വീട്ടിലെത്തി. തുണി ഉപയോഗിച്ച് കഴുത്ത് ഞെരിച്ച ശേഷം ഗ്ലാസ് കഷ്ണം ഉപയോഗിച്ച് കഴുത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു. ചോരവാര്‍ന്നാണ് മരണം സംഭവിക്കുന്നത്. യുവതിയുടെ മൃതദേഹം നഗ്നമാക്കി ലൈംഗികാതിക്രമത്തിന്‍റെ പ്രതീതിയുണ്ടാക്കാന്‍ ഇരുവരും ശ്രമിച്ചു. തുടര്‍ന്ന് ബെംഗളൂരുവിലേക്ക് രക്ഷപ്പെടാന്‍ ട്രെയിന്‍ ടിക്കറ്റെടുത്തിരുന്നതായും ഈസ്റ്റ് സോണ്‍ ഡിസിപി ശസാങ്ക് സിങ് പറഞ്ഞു.