AI Generated Image
സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വച്ച് അഞ്ച് ലക്ഷം രൂപ കൈക്കലാക്കിയ ശേഷം മരിച്ചുവെന്ന് പത്രവാര്‍ത്ത കൊടുത്തയാള്‍ അറസ്റ്റില്‍. കൊച്ചി സ്വദേശിയാണ് പിടിയിലായത്. ആധാര്‍ കാര്‍ഡില്‍ എം.ആര്‍.സജീവ് (41 ) എന്നാണ് പേരും വയസും. വോട്ടര്‍ ഐഡിയില്‍ കോട്ടയം കുമാരനെല്ലൂരിലെ വിലാസവുമാണുള്ളത്. കൊടൈക്കനാലില്‍ ഒളിവില്‍ കഴിയവേയാണ് യുവാവിനെ പൊലീസ് പിടികൂടിയത്. സിനിമ നടന്‍ എന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയിരുന്നത്.
2023ലാണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്‍റെ പനമ്പാലം, കുടമാളൂര്‍ ശാഖകളില്‍ നിന്നാണ് യുവാവ് മുക്കുപണ്ടം പണയം വച്ച് അഞ്ചുലക്ഷം രൂപ കൈക്കലാക്കിയത്. വിശദമായ പരിശോധനയില്‍ മുക്കുപണ്ടമാണെന്ന് ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ കണ്ടെത്തിയപ്പോഴേക്കും യുവാവ് നാടുവിട്ടിരുന്നു. ഇയാള്‍ നല്‍കിയ വിലാസത്തില്‍ അന്വേഷിച്ചെത്തിയതോടെ ചെന്നൈയില്‍ വച്ച് മരിച്ചുവെന്ന വിവരമാണ് ലഭിച്ചതെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
പൊലീസ് വിശദമായി അന്വേഷിച്ചതോടെ പത്രത്തിലെ ചരമവാര്‍ത്തകള്‍ നല്‍കുന്ന പേജില്‍ ഇയാളുടെ ഫൊട്ടോയടക്കം വാര്‍ത്ത വന്നതായി കണ്ടെത്തി. ചെന്നൈ അഡയാറില്‍ മൃതദേഹം സംസ്കരിക്കുമെന്നായിരുന്നു വാര്‍ത്തയില്‍ ഉണ്ടായിരുന്നത്. സംശയം തോന്നിയ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഇതോടെ പലയിടങ്ങളിലും യുവാവ് സമാന തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. പ്രതി, കുമാരനെല്ലൂരില്‍ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തിട്ടുണ്ടെന്നും പൊലീസ് അന്വേഷിക്കുന്നുവെന്ന സൂചനകളെ തുടര്‍ന്ന് കൊടൈക്കനാലില്‍ കഴിയുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.