reshmamurder

കാസർകോട് അമ്പലത്തറയിൽ നിന്ന് 2010ത്തിൽ കാണാതായ 17 കാരിയുടെ മരണത്തിൽ 15 വർഷത്തിനിപ്പുറം പ്രതിയിലേക്ക് എത്തിയിരിക്കുകയാണ് ക്രൈം ബ്രാഞ്ച്.  2011ലാണ്  പെൺകുട്ടിയെ കാണാനില്ല എന്ന പരാതി പൊലീസിന് ലഭിക്കുന്നത്. ലോക്കൽ പൊലീസിന്  കേസിൽ വഴിത്തിരിവൊന്നും ഉണ്ടാക്കാനായില്ല. ദളിത് സംഘടനകളുടെ ഹർജിയിൽ 2024 ലാണ് ഹൈക്കോടതി കേസ് ക്രൈം ബ്രാഞ്ചിന് വിടുന്നത്.  പ്രതി ബൈജു പൗലോസിനെ ചോദ്യം ചെയ്തതിൽ പെൺകുട്ടിയുടെ മൃതദേഹം പവിത്രയം കയത്തിൽ തള്ളിയെന്ന് പ്രതി സമ്മതിച്ചു. എന്നാൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്താൻ കഴിയാത്തതിനാൽ  അറസ്റ്റിലേക്ക് കടക്കാനായില്ല. 

അതിനിടെ 2011ൽ ബേക്കൽ കടപ്പുറത്ത് അടിയുകയും തുടർന്ന് സംസ്കരിക്കുകയും ചെയ്ത അജ്ഞാത ശരീരഭാഗങ്ങൾ പരിശോധിച്ചതിൽ നിന്നാണ് അമ്പലത്തറ സ്വദേശിയായ  പെൺകുട്ടിയെന്ന സ്ഥിരീകരിക്കുന്നത്. ഇതോടെ ഇന്നലെ രാത്രി വയനാട്ടിൽ നിന്നും ബൈജു പൗലോസ് അറസ്റ്റിൽ ആവുകയായിരുന്നു. 

പ്രതിയുടെ നീക്കങ്ങൾ

2010 ലാണ് പെൺകുട്ടി പഠനത്തിനായി കാഞ്ഞങ്ങാട് എത്തുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടുകാർ അറിയാതെ വിവാഹിതനായ ബൈജു പൗലോസ് ഒപ്പം താമസിപ്പിച്ചു. പെൺകുട്ടിയുടെ മരണത്തിനുശേഷം ദൃശ്യം മോഡലിൽ ഫോണുമായി എറണാകുളത്തേക്ക് യാത്ര ചെയ്തു.  വോയിസ് ചെയ്ഞ്ചർ ആപ്പ് ഉപയോഗിച്ച് പിതാവിന്റെ സുഹൃത്തിനെ വിളിച്ച് പഠനത്തെ പോകുന്നുവെന്നും ശല്യപ്പെടുത്തരുതെന്നും അറിയിച്ചു. തുടർന്ന് പ്രതി വിദേശത്തേക്ക് കടന്നു. പിന്നീട് പെൺകുട്ടിയുമായി ബന്ധപ്പെടാൻ കഴിയാതെ വന്നതോടെയാണ് വീട്ടുകാർ പൊലീസിൽ പരാതിപ്പെടുന്നത്. 

ശരീരം കയത്തിൽ തള്ളി എന്നല്ലാതെ  റിമാൻഡിലായ പ്രതി ഇപ്പോഴും കൊലപാതകം സമ്മതിച്ചിട്ടില്ല. കൂടുതൽ തെളിവ് ശേഖരണത്തിനും ചോദ്യംചെയ്യലിനും ശേഷമായിരിക്കും കേസിൽ കൂടുതൽ വ്യക്തത വരിക.

ENGLISH SUMMARY:

In a breakthrough after 15 years, the Crime Branch has traced the accused in the 2010 disappearance and death case of a 17-year-old girl from Ambalathara, Kasaragod.