ഇടുക്കി കരുണാപുരം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ വണ്ടി ഇടിച്ചു കൊലപ്പെടുത്തുമെന്ന് പഞ്ചായത്തംഗം ഭീഷണിപ്പെടുത്തിയതായി പരാതി. രണ്ടാം വാർഡിലെ വനിതാ അംഗമായ റാബി സിദ്ദിഖണ് അസിസ്റ്റന്റ് സെക്രട്ടറി ജി.സജീവനെ ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ സജീവൻ ജില്ലാ കലക്ടർക്ക് പരാതി നൽകി
കരുണാപുരം പഞ്ചായത്ത് രണ്ടാം വാർഡംഗം കോൺഗ്രസിലെ റാബി സിദ്ദീഖിന് എതിരെയാണ് നിലവിൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സെക്രട്ടറി ജോയിന്റ് ഡയറക്ടർക്കും കലക്ടർക്കും പരാതി നൽകിയത്. പുഴയിലേക്കും തോടുകളിലേക്കും മാലിന്യങ്ങൾ ഒഴുക്കുന്നവർക്കെതിരെ നടപടി സ്വീകരിച്ചതോടെ പലതവണ പഞ്ചായത്തംഗം ഭീഷണി മുഴക്കിയെന്നാണ് ആരോപണം.
ഭീഷണി നിലനിൽക്കുന്നതിനാൽ നിർഭയമായും സുരക്ഷിതമായും ജോലി ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് സജീവന്റെ ആവശ്യം. എന്നാൽ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും വ്യാപാരികൾക്ക് അമിത തുക പിഴ ഈടാക്കിയത് ചോദ്യം ചെയ്തതാണെന്നുമാണ് പഞ്ചായത്തംഗത്തിന്റെ വിശദീകരണം. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി റാബി സിദ്ദിഖ് കമ്പംമെട്ട് പൊലീസിൽ പരാതി നൽകി