എറണാകുളം കുറുപ്പംപടിയില്‍ പത്തും പന്ത്രണ്ടും വയസുള്ള പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. ആണ്‍സുഹൃത്തും അമ്മയും ചേര്‍ന്ന് കുട്ടികള്‍ക്ക് മദ്യം നല്‍കിയായിരുന്നു പീഡനമെന്നടക്കം കുറ്റപത്രത്തിലുണ്ട്. കേസില്‍ അതിവേഗമാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
പെണ്‍കുട്ടികളുടെയും ക്ലാസ് ടീച്ചറുടെയും മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. പ്രതി ധനേഷിനെതിരെ ശാസ്ത്രീയ തെളിവുകളും ശേഖരിച്ചിട്ടുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടി സുഹൃത്തിനെഴുതിയ കത്തിലാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തായത്. വീട്ടില്‍ അമ്മയുടെ സുഹൃത്ത് വരാറുണ്ടെന്നും സുഹൃത്തുക്കളായ പെണ്‍കുട്ടികളെ വീട്ടിലേക്ക് കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്.
പിന്നീട് ക്ലാസ് ടീച്ചര്‍ കത്ത് കാണുകയും പെണ്‍കുട്ടിയോട് വിവരങ്ങള്‍ തേടുകയുമായിരുന്നു. സ്കൂള്‍ അധികൃതര്‍ പൊലീസില്‍ വിവരം അറിയിച്ചതിന് പിന്നാലെയാണ് പ്രതി പിടിയിലായത്. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ അമ്മക്ക് പീഡന വിവരങ്ങള്‍ അറിയുമായിരുന്നുവെന്നും പെണ്‍കുട്ടികള്‍ക്ക് മദ്യം നല്‍കിയിരുന്നതായും കണ്ടെത്തി. വിവരങ്ങള്‍ മറച്ചു വച്ചതിന് ഉള്‍പ്പടെ അമ്മക്കെതിരെ കേസ് എടുത്തിട്ടുണ്ട്. രണ്ട് കുറ്റപത്രങ്ങളാണ് കേസില്‍ പെരുമ്പാവൂര്‍ എ എസ് പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സമര്‍പ്പിച്ചത്.