കരിപ്പൂർ വഴി 40 കോടിയുടെ ലഹരി കടത്താൻ ശ്രമിച്ച 3 യുവതികൾക്ക് ലഭിച്ചത് 80,000 രൂപ വീതം പ്രതിഫലം. ലഹരിക്കടത്തിനായി യുവതികളെ ഏകോപിപ്പിച്ചത് പിടിയിലായ ചെന്നൈ നിന്നുള്ള റാബിയത്ത് സൈദു സൈനുദ്ദീനാണന്ന് എയർ കസ്റ്റംസ് ഇന്‍റലിജന്‍സിന് വിവരം ലഭിച്ചു.
തായ്‌ലൻഡിൽ നിന്നുള്ള ലഹരി വസ്തുക്കൾ അടങ്ങിയ ബാഗ് കരിപ്പൂരിൽ എത്തിച്ചു നൽകുന്നതിനാണ് പ്രതിഫലമായി 80,000 രൂപ വീതം 3 പേർക്കും കൈമാറിയത്. തൃശ്ശൂരിൽ നിന്നുള്ള സിമി ബാലകൃഷ്ണൻ ഈ മാസം അഞ്ചിനാണ് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് ലീവെടുത്ത് തായ്‌ലൻഡിലേക്ക് പോയത്. നാലഞ്ചു ദിവസംകൊണ്ട് വിമാന ടിക്കറ്റിനൊപ്പം 80,000 രൂപ പ്രതിഫലമായി ലഭിക്കുമെന്നതാണ് കാരിയമാർക്ക് ആകർഷകമാക്കുന്നത്.
പിടിയിലായ ചെന്നൈക്കാരിയായ റാബിയത്ത് സൈദു സെയ്നുദീനാണ് ലഹരിക്കടത്തിനായി യുവതികളെ ഏകോപിപ്പിച്ചതും ലഹരി ശൃംഖലയുമായി ബന്ധിപ്പിച്ചതും. കോടികളുടെ ലഹരിയുമായി റാബിയത്ത് സൈദു സൈനുദ്ദീൻ പലവട്ടം നെടുമ്പാശ്ശേരിയിൽ അടക്കം രാജ്യത്തെ ഒട്ടേറെ വിമാനത്താവളങ്ങളിൽ പലവട്ടം വന്നു പോയതിന് തെളിവ് ലഭിച്ചു.
ലഹരി കലർത്തിയ ചോക്ലേറ്റിനും ബിസ്കറ്റിനും പുറമെ 34 കിലോ ഹൈബ്രിഡ് കഞ്ചാവാണ് യുവതികളിൽ നിന്ന് കസ്റ്റംസ് പിടികൂടിയത്. കടത്തുന്നത് വീര്യമേറിയ ലഹരിയാണന്ന വിവരം മൂന്നു കാരിയർമാർക്കും അറിയാമായിരുന്നു. യുവതികൾ ലഹരിയുമായി കരിപ്പൂർ വിമാനത്താവള ടെർമിനലിന് പുറത്തിറങ്ങിയാൽ ബന്ധപ്പെടാനുള്ള ഫോൺ നമ്പറും കൈമാറുകയാണ് പതിവ്. ലഹരിക്കടുത്ത് സംഘത്തിൽ യുവതികൾക്ക് ബന്ധമുള്ള ചില ഫോൺ നമ്പറുകളും കസ്റ്റംസ് ഇന്റലിജൻസിന് ലഭിച്ചിട്ടുണ്ട്.