കാസർകോട് സ്വകാര്യ സ്ഥാപനത്തിന്റെ അഴുക്കുചാലില്‍ അജ്ഞാത മൃതദേഹം. ദുർഗന്ധം വഹിച്ചതിനെ തുടർന്ന് സമീപവാസികൾ നടത്തിയ പരിശോധനയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സമീപത്ത് ലഹരി ഉപയോഗത്തിലുള്ള വസ്തുക്കളും, കുഴിയിൽ നിന്ന് പിടിച്ചു കയറാൻ മുണ്ട് കെട്ടിയതായും കണ്ടെത്തി.
നിർമ്മാണം നടക്കുന്ന ദേശീയപാതയ്ക്ക് സമീപത്തെ ഒഴിഞ്ഞ പ്രദേശം. രാത്രിയായാൽ ആരും നടന്നു പോകാൻ പോലും ഭയക്കുന്നിടം. അവിടെ സ്വകാര്യ ഭൂമിയിലെ അഴുക്കുചാലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. നിർമ്മാണത്തിൽ ഇരിക്കുന്ന പെട്രോൾ പമ്പിന് പിൻവശത്ത് പ്രവർത്തനക്ഷമമല്ലാത്ത സർവീസ് സ്റ്റേഷന്റെ അഴുക്കുചാലിലായിരുന്നു ആയിരുന്നു യുവാവ് എന്നതിനാൽ പുറംലോകം അറിഞ്ഞിരുന്നില്ല. പ്രദേശത്ത് നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ഇവിടെ കളിക്കാനെത്തിയ കുട്ടികള്‍ മറ്റുള്ളവരെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
പൊലീസും ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. കുഴിയിൽ വീണ യുവാവിന് സമീപം മുണ്ട് കെട്ടി കയറാൻ ശ്രമിച്ചതായി തിരിച്ചറിഞ്ഞു. ലഹരി ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് ഉപകരണവും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹത്തിന് മൂന്നുദിവസം പഴക്കമുണ്ടെന്നാണ് നിഗമനം.
ദിവസങ്ങൾക്കു മുമ്പ് മേഖലയിൽ അന്യ സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം ഉണ്ടായതായി നാട്ടുകാർ പറയുന്നുണ്ട്. ഇത് കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം വ്യാപിക്കുന്നുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.