നിരന്തരം അസുഖങ്ങള്‍ അലട്ടുന്നതിന് കാരണം ഭൂതങ്ങളുടെ ശല്യമാണെന്ന് വിശ്വസിപ്പിച്ച് യുവതിയില്‍ നിന്നും അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ബെംഗളൂരുവിലെ വിഭൂതിപുര സ്വദേശിയായ 33കാരിയാണ് ജ്യോല്‍സ്യനാല്‍ കബളിപ്പിക്കപ്പെട്ടത്. യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
2023 ഡിസംബര്‍ മുതല്‍ 2024 ഡിസംബര്‍ വരെ സുഹൃത്തിനൊപ്പം അഡുഗോഡി പൊലീസ് ക്വാര്‍ട്ടേഴ്സിലാണ് യുവതി കഴിഞ്ഞിരുന്നത്. ഇക്കാലത്ത് ദഹനക്കേടും കൈയും കാലും നീരുവയ്ക്കുന്നതുമടക്കം നിരന്തരം ആരോഗ്യപ്രശ്നങ്ങള്‍ യുവതിക്കുണ്ടായി. ഇതിനിടെയാണ് സുഹൃത്തു വഴി ജ്യോല്‍സ്യനെ പരിചയപ്പെട്ടതെന്ന് യുവതി പരാതിയില്‍ പറയുന്നു. സുഹൃത്തിന്‍റെ നിര്‍ദേശപ്രകാരം 2023 ഡിസംബര്‍ പതിനാലിന് യുവതി ജ്യോല്‍സ്യനെ വിളിച്ചു. പിന്നാലെ ജാതകവും ഫൊട്ടോയും കൈമാറി. 150 രൂപ വീതം രണ്ടും പ്രാവശ്യവും 151 രൂപ വീതം രണ്ടുപ്രാവശ്യവും യുപിഐ വഴി അയയ്ക്കുകയും ചെയ്തു.
യുവതിയുടെ ജാതകം വിശദമായി പരിശോധിച്ചതിന് പിന്നാലെ ശരീരത്തില്‍ 15 ഭൂതങ്ങള്‍ കൂടിയിട്ടുണ്ടെന്നും അവരാണ് ആരോഗ്യം തകരാറിലാക്കുന്നതെന്നും അറിയിച്ചു. ഇതിന് പരിഹാരം ചെയ്ത് ഒഴിപ്പിച്ചില്ലെങ്കില്‍ ജീവന് തന്നെ ആപത്താണെന്നും ജ്യോല്‍സ്യന്‍ യുവതിയെ വിശ്വസിപ്പിച്ചു. ഭയന്നു പോയ യുവതി അന്നേ ദിവസം തന്നെ 25,500 രൂപയും ഡിസംബര്‍ 17ന് 10,000 രൂപയും എന്നിങ്ങനെ 4.2 ലക്ഷത്തോളം രൂപ ഓണ്‍ലൈനായി 2024 ജൂണ്‍ 29 വരെയുള്ള തിയതികളില്‍ വാങ്ങിയെടുത്തു. ഇതിന് പിന്നാലെ ഒരു ലക്ഷം രൂപ പണമായും കയ്യില്‍ വാങ്ങി. തുടര്‍ന്ന് കോറമംഗലയിലെ ഹോട്ടല്‍ മുറിയില്‍ എത്താന്‍ യുവതിയോട് ആവശ്യപ്പെട്ടു.
ഇതനുസരിച്ച് സെപ്റ്റംബര്‍ 29ന് ഹോട്ടല്‍ മുറിയില്‍ എത്തിയ യുവതിയെ മയില്‍പ്പീലി കെട്ടിയ കമ്പ് കൊണ്ട് അടിക്കുകയും മുടി പിടിച്ച് വലിക്കുകയും നാരങ്ങ മുറിപ്പിക്കുകയും സുഗന്ധ വര്‍ഗങ്ങള്‍ മുറിയില്‍ പുകയ്ക്കുകയും ചെയ്തു. ഒപ്പം വന്ന രണ്ട് കൂട്ടുകാരികളില്‍ നിന്നും അവരുടെ ശരീരത്തിലെ ബാധകള്‍ ഒഴിപ്പിക്കുന്നതിനായി 65,000 രൂപ വീതവും ഇയാള്‍ കൈക്കലാക്കിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
ബാധയൊഴിപ്പിക്കല്‍ കാര്യമായി നടത്തിയിട്ടും ആരോഗ്യം മെച്ചപ്പെടാതിരുന്നതിനെ തുടര്‍ന്ന് യുവതി പണം തിരികെ ആവശ്യപ്പെട്ടു. പണം ചോദിച്ചതിന് പിന്നാലെ ജ്യോല്‍സ്യന്‍ യുവതിയെ ബ്ലോക്ക് ചെയ്യുകയായിരുന്നു. ബന്ധപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളുമടഞ്ഞതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ പരാതി അന്വേഷിക്കുകയാണെന്നും സ്വയം പ്രഖ്യാപിത ജ്യോല്‍സ്യനെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.