കൊല്ലം പുനലൂര്‍ കോടതിയിലെ അഭിഭാഷകന്‍ അജിലാലാണ് കാട്ടുപന്നിയെ വേട്ടയാടി കൊന്ന് കാറില്‍ കടത്തിയ കേസില്‍ പിടിയിലായത്. നൂറ്റിയമ്പതോളം കിലോയിലധികം തൂക്കം വരുന്ന കാട്ടുപന്നിയെ കാറിന്‍റെ ഡിക്കിയില്‍ ഒളിപ്പിച്ചായിരുന്നു രാത്രി യാത്ര. ഒടുവില്‍ വനം വകുപ്പ് കയ്യോടെ പൊക്കി. പുനലൂര്‍ കോടതിയിലെ അഭിഭാഷകന്‍ അജിലാലിന് കുരുക്കുവീണത് ഇങ്ങിനെയാണ്.
അഞ്ചല്‍ ഏഴംകുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ ഭാരതീപുരത്തൂടെയാണ് അജിലാല്‍ കാട്ടുപന്നിയുമായി കാറില്‍ പോയത്. വാഹനം തടഞ്ഞ് നിര്‍ത്തിയുള്ള പരിശോധനക്കിടെയാണ് വനംവകുപ്പ് ഡിക്കിയില്‍ കാട്ടുപന്നിയെ കണ്ടെടുത്തത്. പന്നിപ്പടക്കം ഉപയോഗിച്ച് കെണിവെച്ച് കാട്ടില്‍ നിന്ന് പിടിച്ചതാണ് പന്നിയേയെന്നാണ് വനംവകുപ്പ് പറയുന്നത്.
അജിലാലിനെ അറസ്റ്റ് ചെയ്തതിനൊപ്പം കാറും പിടിച്ചെടുത്തു. അജിലാല്‍ ഒറ്റക്കല്ല, പന്നിയെ പിടിക്കാന്‍ കൂടുതലാളുകള്‍ ഉണ്ടായിരുന്നിരിക്കാമെന്നും സംശയിക്കുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം വ്യാപകമാക്കിയിരിക്കുകയാണ്.