കോഴിക്കോട് താമരശേരിയില്‍ ലഹരിക്കടിമയായ ഭര്‍ത്താവിന്‍റെ ക്രൂരപീഡനം സഹിക്കാനാകാതെ അര്‍ധരാത്രി വീട് വിട്ടിറങ്ങി അമ്മയും മകളും. ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവതിയെയും കുട്ടിയെയും നാട്ടുകാര്‍ ഇടപെട്ട് ആശുപത്രിയിലാക്കി. നിരന്തര മര്‍ദനത്തില്‍ മാനസികനില പോലും തകരാറിലായെന്ന് യുവതി മനോരമ ന്യൂസിനോട് പറഞ്ഞു. താമരശേരി പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
അമ്പായത്തോട് പനംതോട്ടത്തില്‍ നസ്ജയ്ക്കും മകള്‍ക്കുമാണ് ലഹരിക്കടിമയായ ഭര്‍ത്താവ് നൗഷാദിന്‍റെ ക്രൂര മര്‍ദനം സഹിക്കാനാകാതെ വീട് വിട്ട് ഓടേണ്ടി വന്നത്. മര്‍ദനത്തില്‍ യുവതിയുടെ കൈക്കും കാലിനും കഴുത്തിനും മുഖത്തും പരുക്കുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവരുടെ എട്ടുവയസുകാരിയായ മകള്‍ക്ക് തേനീച്ച കുത്തേറ്റത്. ദിവസങ്ങള്‍ നീണ്ട ചികില്‍സയ്ക്ക് ശേഷം ഇന്നലെ രാത്രിയാണ് മെഡിക്കല്‍ കോളജില്‍ നിന്ന് അമ്മയും മകളും വീട്ടിലെത്തിയത്. അപ്പോഴായിരുന്നു ക്രൂരമര്‍ദനം.
മദ്യലഹരിയില്‍ എത്തുന്ന നൗഷാദ് ഭാര്യയെ മര്‍ദിക്കുന്നത് പതിവാണ്. മൂന്ന് മക്കളെയോര്‍ത്ത് ഇത്രകാലം സഹിച്ചു. ഇനി ഭര്‍ത്താവിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം. താമരശേരി പൊലിസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിയെ എത്രയും വേഗം പിടികൂടുമെന്നും പൊലിസ് അറിയിച്ചു