തിരുവല്ലയിൽ സ്വകാര്യ ബസിൽ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചവർ പിടിയിൽ. കോട്ടയം മാടപ്പള്ളി സ്വദേശി വി.കെ. ജയകുമാർ, കല്ലൂപ്പാറയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി പി.ഉദയരാജ്, ആനിക്കാട് സ്വദേശി ജോബിൻ രാജൻ എന്നിവരാണ് പിടിയിലായത്. ബസിന് പെയിൻ്റടിച്ചിട്ട് പണം നൽകാത്തതുമായി ബന്ധപ്പെട്ട് ബസ്സുടമയും പ്രതികളും തമ്മിൽ തർക്കം നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. തിരുവല്ലയിൽ നിന്ന് മല്ലപ്പള്ളിയിലേക്ക് പോകുകയായിരുന്ന തിരുവമ്പാടി എന്ന സ്വകാര്യബസ് കടുവാക്കുഴിയിൽ തടഞ്ഞു നിർത്തി പ്രതികൾ കയറുകയായിരുന്നു. ജയകുമാറാണ് കാർ തടഞ്ഞത്. ഉദയരാജനും ജോബിനും ബസിൽ കയറി കണ്ടക്ടറെ ആദ്യം ഭീഷണിപ്പെടുത്തി. തുടർന്ന് ഡ്രൈവറായ കുറ്റപ്പുഴ സ്വദേശി വി.കെ.കലേഷിന് നേരെ വടിവാൾ വീശി.
ബസുടമയുടെ പരാതിയിൽ കേസെടുത്ത പൊലീസ് മൂന്നുപേരേയും അറസ്റ്റ് ചെയ്യുകയായിരുന്നു. ബസിന് പെയിൻ്റടിച്ചിട്ട് പണം നൽകാത്തതുമായി ബസ് ഉടമയുമായി വര്‍ക്ക്ഷോപ് ഉടമ ജയകുമാറിന് മുൻവൈരാഗ്യമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ബസ് സമയത്തെ ചൊല്ലിയുള്ള തർക്കങ്ങളും ഇവർ തമ്മിൽ നിലനിന്നിരുന്നു.