Image Credit: x.com/boddepallinav18
അഞ്ച് ലക്ഷം രൂപ വില വരുന്ന ലഹരിയുമായി 34 കാരിയായ ഡോക്ടര്‍ അറസ്റ്റില്‍. ഹൈദരാബാദിലെ ഒമേഗ ഹോസ്പ്പിറ്റല്‍ സിഇഒ ഡോ. നമ്രത ചിഗുരുപതിയാണ് അറസ്റ്റിലായത്. 53 ഗ്രാം കൊക്കെയിനാണ് ഇവരില്‍ നിന്നും പിടികൂടിയത്. മുംബൈയില്‍ നിന്നും എത്തിയ ലഹരി കൈമാറ്റം ചെയ്യുന്നതിനിടെയാണ് അറസ്റ്റ്. ലഹരി സംഘത്തിന്‍റെ ഏജന്‍റ് ബാലകൃഷ്ണ റാംപ്യാർ റാമും (38) അറസ്റ്റിലായി.
മുംബൈയില്‍ നിന്നുള്ള ലഹരി വ്യാപാരി വാന്‍ശ് ധാക്കറില്‍ നിന്നാണ് നമ്രത ലഹരി ഓര്‍ഡര്‍ ചെയ്തത്. ധാക്കറിനെ വാട്സാപ്പിലൂടെ ബന്ധപ്പെട്ട ശേഷം അഞ്ച് ലക്ഷം രൂപ ഓണ്‍ലൈനായി കൈമാറി. വാന്‍ശിന്‍റെ ഏജന്‍റായ ബാലകൃഷ്ണ ഹൈദരാബാദിലെത്തി ലഹരി കൈമാറുന്നതിനിടെ റായദുർഗയില്‍ വച്ചാണ് ഇരുവരും സൈബരാബാദ് പൊലീസിന്‍റെ പിടിയിലാകുന്നത്. 10,000 രൂപയും 53 ഗ്രാം കൊക്കെയിനും രണ്ട് മൊബൈല്‍ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ നാല് വർഷമായി താന്‍ കൊക്കെയ്ന് അടിമയാണെന്ന് പൊലീസിനോട് സമ്മതിച്ചു. നേരത്തെ വിദേശത്തായിരുന്ന നമ്രത ഇന്ത്യയിലേക്ക് മടങ്ങിയതിനു ശേഷവും കൊക്കെയ്ൻ ഉപയോഗം തുടർന്നതായി പൊലീസിന് മൊഴി നല്‍കി. സുഹൃത്തിന്റെ കാമുകനായ ഒരു ഡിജെ വഴിയാണ് ആദ്യം കൊക്കെയ്ൻ സംഘടിപ്പിച്ചത്. പിന്നീട് ലഹരി വ്യാപാരിയായ വാൻശ് തക്കറുമായി ബന്ധം സ്ഥാപിച്ചു. ഇതുവരെ 70 ലക്ഷം രൂപയോളം ലഹരിക്കായി ചെലവാക്കിയെന്നും യുവതി പൊലീസിനോട് പറഞ്ഞു.