പെരുമ്പടപ്പ് വന്നേരി പൊലീസ് സ്റ്റേഷൻ വളവിൽ പ്രവർത്തിക്കുന്ന റോയൽ എൻഫീൽഡ് ഷോറൂമായ മാസ് വീൽസിലാണ് മോഷണം നടന്നത്. കഴിഞ്ഞ ഇരുപത്തിയാറാം തീയതി ശനിയാഴ്ച വൈകുന്നേരം 6:05 -ന് സാധാരണ പോലെ അടച്ച ഷോറൂം തിങ്കളാഴ്ച രാവിലെ 9:05 -ന് തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഷോറൂമിലെ മേശയിൽ സൂക്ഷിച്ചിരുന്ന 99751 രൂപയാണ് നഷ്ടപ്പെട്ടിരുന്നത്.
തുടർന്ന് മാസ് വീൽസ് ഷോറൂം സർവീസ് സൂപ്പർവൈസറായ അശ്വൻ കൃഷ്ണ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. മോഷണ വിവരം പൊലീസ് സ്റ്റേഷനിൽ അറിയിച്ച് പരാതി നൽകിയതും തുടർന്ന് അന്വേഷണ സംഘത്തിന് സംഭവസ്ഥലത്ത് വിശദീകരണം നൽകിയതും അശ്വിൻ കൃഷ്ണ തന്നെയാണ്.
പെരുമ്പടപ്പ് പൊലീസ് ഇൻസ്പെക്ടർ സി വി ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നിരവധി സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. പരിശോധനയുടെ അവസാന ഘട്ടത്തിൽ പരാതിക്കാരൻ തന്നെ പ്രതി എന്ന് തിരിച്ചറിയുകയായിരുന്നു.