കേരളത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ വിധി വ്യാഴാഴ്ച. കൂട്ടകൊലപാതകം നടന്ന് എട്ടു വർഷത്തിന് ശേഷമാണ് വിധി വരുന്നത്. അച്ഛനോടും കുടുംബാംഗളോടുമുള്ള അടങ്ങാത്ത പകയാണ് കൊലപാതക കാരണമെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രതിക്ക് യാതൊരു തരത്തിലുള്ള മാനസിക പ്രശ്നങ്ങളുമില്ലെന്ന് സംഘം റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് വിചാരണ ആരംഭിച്ചത്.
നന്തൻകോട് മന്ത്രിമന്ദിരങ്ങൾക്കു സമീപത്തെ വീട്ടിൽ 2017ലായിരുന്നു നാടിനെ നടുക്കിയ കൂട്ടക്കുരുതി. വീട്ടിനുള്ളിൽ തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാരും പൊലീസും നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ നാലു മൃതദേഹങ്ങൾ കണ്ടത്. അച്ഛന്‍ റിട്ട. പ്രൊഫ. രാജ തങ്കം , അമ്മ ഡോ. ജീന്‍ പത്മ, സഹോദരി കരോലിന്‍, ബന്ധു ലളിത എന്നിങ്ങനെ നാലു പേരെയാണ് കേഡൽ ജീന്‍സണ്‍ കൊലപ്പെടുത്തിയത്. ഇവരെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചെന്നാണ് കേസ്.
2017 ഏപ്രില്‍ 5ന് അമ്മ, അച്ഛന്‍, സഹോദരി എന്നിവരേയും 6ന് ബന്ധുവിനെയും കൊന്ന കേസ് പുറംലോകം അറിഞ്ഞത് 9ന് ഉച്ചയ്ക്കാണ്. ശരീരത്തില്‍ നിന്ന് ആത്മാവിനെ മോചിപ്പിക്കുന്ന ആസ്ട്രല്‍ പ്രൊജക്ഷന്‍റെ പരീക്ഷണമാണ് കൊലയെന്നാണ് പ്രതി മൊഴി നല്‍കിയിരുന്നത്. എന്നാല്‍ കുടുംബക്കാരോടുള്ള പകയാണ് കൊലയുടെ കാരണമെന്നാണ് പൊലീസിന്‍റെ കുറ്റപത്രവും പ്രോസിക്യൂഷന്‍റെ വാദവും.
രണ്ടു പ്രാവശ്യം കേഡലിനെ കുടുംബം വിദേശത്തേക്ക് പഠിക്കാൻ അയച്ചുവെന്നും എന്നാല്‍ പഠനം പൂർത്തിയാകാതെ തിരിച്ചെത്തി വീട്ടിനുള്ളിൽ കഴിഞ്ഞ കേഡലിനെ അച്ഛൻ തുടർച്ചയായി വഴക്കു പറഞ്ഞിരുന്നത് അച്ഛനോടുള്ള പകയ്ക്ക് കാരണമായി. ആ പകയാണ് കൂട്ടക്കൊലയിലേക്ക് നയിച്ചത്. കൊലപാതകം നടപ്പാക്കുന്നതിന് മുമ്പ് ഗൂഗിളിൽ വിവിധ കൂട്ടക്കൊലകളെ കുറിച്ച് പ്രതി സെർച്ച് ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്ന് പറഞ്ഞാണ് കേഡല്‍ എട്ട് വര്‍ഷത്തോളം വിചാരണ വൈകിപ്പിച്ചത്. എന്നാല്‍ കേഡലിന് പ്രശ്നങ്ങളൊന്നുമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയതോടെയാണ് വിചാരണ തുടങ്ങിയതും വിധിയിലേക്ക് കടന്നതും. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിധി പറയുന്നത്.