Image: X, AFP(Right)
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ മുംബൈ ഇന്ത്യന്‍സ് മുന്‍ താരം ശിവാലിക് ശര്‍മ അറസ്റ്റില്‍. ബറോഡ താരമായ ശിവാലികിനെ രാജസ്ഥാന്‍ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ താരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. വഡോദരയില്‍ വച്ചാണ് ശിവാലികിനെ പരിചയപ്പെട്ടതെന്നും പിന്നീട് ഫോണ്‍ വഴി ബന്ധം തുടര്‍ന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
പ്രണയത്തിലായതോടെ വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചെന്നും തുടര്‍ന്ന് ഇരുകുടുംബങ്ങളും കൂടിക്കണ്ടുവെന്നും യുവതിയുടെ പരാതിയില്‍ വിശദീകരിക്കുന്നു. 2023 ല്‍ തന്നെ വിവാഹനിശ്ചയവും നടത്തി. ഇതിന് പിന്നാലെ പലവട്ടം ശിവാലിക് ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നും വിവാഹനിശ്ചയം കഴിഞ്ഞതിനാല്‍ താന്‍ ഒപ്പം പോയിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തി. എന്നാല്‍ പിന്നീട് താരം ഏകപക്ഷീയമായി ബന്ധത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.
ഇടങ്കയ്യന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ ശിവാലിക് 2018ലാണ് ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 18 ഫസ്റ്റ്ക്ലാസ് മല്‍സരങ്ങളില്‍ നിന്നായി 1087 റണ്‍ ഇതുവരെ താരം നേടിയിട്ടുണ്ട്. 19 ട്വന്‍റി20 മല്‍സരങ്ങളിലും 13 ഏകദിന മല്‍സരങ്ങളിലും കളിച്ചു. കഴിഞ്ഞ രഞ്ജി ട്രോഫിയിലും ബറോഡയ്ക്കായി താരം മികച്ച കളിയാണ് പുറത്തെടുത്തത്.
2023 ലെ ലേലത്തിലാണ് ശിവാലിക് അടിസ്ഥാന വിലയായ 20 ലക്ഷത്തിന് മുംബൈ ഇന്ത്യന്‍സിലെത്തിയത്. ടീമിലെത്തിയെങ്കിലും ഒരു മല്‍സരം പോലും കളിക്കാന്‍ സാധിച്ചില്ല. കഴിഞ്ഞ നവംബറിലെ മെഗാ ലേലത്തില്‍ താരത്തെ മുംബൈ ഇന്ത്യന്‍സ് റിലീസ് ചെയ്യുകയായിരുന്നു.