പത്തനംതിട്ട മേക്കൊഴൂരില്‍ ക്ഷേത്രത്തില്‍ ലഹരി സംഘം ആക്രമണം നടത്തി. വടിവാളുമായി എത്തിയ സംഘം ക്ഷേത്ര ജീവനക്കാരനെ കയ്യേറ്റം ചെയ്യുകയും ബോര്‍ഡുകള്‍ തകര്‍ക്കുകയും ചെയ്തു. ഉല്‍സവ ദിനത്തിലെ സംഘര്‍ഷത്തിന്‍റെ തുടര്‍ച്ച എന്നാണ് സംശയം.
മേക്കൊഴൂര്‍ ഋഷികേശ ക്ഷേത്രത്തിലാണ് ഒരു സംഘം ആക്രമണം നടത്തിയത്. പത്തോളം വരുന്ന സംഘമെത്തി ക്ഷേത്ര കവാടത്തിന് മുന്നിലെ ശ്രീരാമന്‍റെ കട്ടൗട്ട് തകര്‍ത്തു. സമീപത്തെ കടയിലെ സ്ത്രീയെ അസഭ്യം പറഞ്ഞു. രണ്ടു പേര്‍ ക്ഷേത്ര മുറ്റത്തേക്ക് കയറി കസേരകളും മൈക്ക് സെറ്റ് സാധനങ്ങളും വലിച്ചെറിഞ്ഞു. വഴിപാട് വിവരം എഴുതിയ ബോര്‍ഡുകളും തകര്‍ത്തു.
ഇന്നലെ രാത്രി ഗാനമേളയ്ക്ക് ഒരു സംഘം മദ്യപിച്ചെത്തി സംഘര്‍ഷമുണ്ടാക്കിയിരുന്നു.അവര്‍ തന്നെയാണ് ഇന്നത്തെയും സംഘര്‍ഷത്തിന് പിന്നിലെന്നാണ് സംശയം. അക്രമികളെ കണ്ടാല്‍ അറിയാം എന്ന് നാട്ടുകാര്‍ പറഞ്ഞു. പത്തനംതിട്ട പൊലീസ് കേസെടുത്തു. സ്ഥലത്ത് വന്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.