കോഴിക്കോട് കൊടുവള്ളിയില്‍ അഞ്ചുകോടിയിലധികം രൂപ കുഴല്‍പണം പിടികൂടിയ സംഭവത്തില്‍ പിടിയിലായത് സ്ഥിരം കടത്തുകാര്‍. ആര്‍ക്കുവേണ്ടിയാണ് പണം എത്തിച്ചതെന്നും പൊലീസിന് സൂചന ലഭിച്ചുണ്ട്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കര്‍ണാടകക്കാരായ രാഘവേന്ദ്രന്‍, നിജിന്‍ അഹമ്മദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ മുന്‍പും പലതവണ കുഴല്‍പണവുമായി കോഴിക്കോടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത കാര്‍ സ്ഥിരമായി പണം കടത്താന്‍ ഉപയോഗിച്ചിരുന്നു. കാര്‍ പൂര്‍ണമായി പൊളിച്ച് നടത്തിയ പരിശോധനയിലാണ് രഹസ്യ അറകള്‍ കണ്ടത്. ഇത് ലോക്ക് ചെയ്യാന്‍ കഴിയുന്നതാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട് ഇന്നലെ എളേറ്റില്‍ വട്ടോളിയില്‍ വച്ചാണ് സംശയാസ്പദമായി തോന്നിയ വാഹനത്തില്‍ പൊലീസ് പരിശോധന നടത്തിയത്.
കാര്‍ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കൂടുതല്‍ തുക കണ്ടെത്തിയത്. 5.4 കോടി രൂപയാണ് കടത്താന്‍ ശ്രമിച്ചത്. പണത്തിന്‍റെ ഉറവിടം സംബന്ധിച്ചും എവിടെ നിന്ന് എത്തിച്ചതാണെന്നും പൊലീസ് വിശദമായി അന്വേഷണം തുടങ്ങി. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.