ലഹരി ഒളിപ്പിക്കുന്ന സ്ഥലങ്ങള്‍ ഗൂഗിള്‍ മാപ്പിലൂടെ അയച്ചു നല്‍കുക. ശേഷം ആവശ്യക്കാര്‍ ഈ മാപ്പിന്‍റെ സഹായത്തില്‍ സാധനം കണ്ടെത്തി കൈക്കലാക്കുക. മലപ്പുറം പുറത്തൂര്‍ രാരംപറമ്പില്‍ ആര്‍.പി.അജയ് എക്സൈസിന്‍റെ പിടിയിലായതോടെ പുറത്തുവന്ന വിവരങ്ങളാണിത്. എന്തായാലും എക്സൈസ് നടപടികള്‍ കര്‍ശനമാക്കിയതോടെ പിടിക്കപ്പെടാതിരിക്കാന്‍ വ്യത്യസ്ത വഴികള്‍ കണ്ടെത്തുകയാണ് ലഹരിവില്‍പ്പനക്കാര്‍.
മലപ്പുറത്ത് നിന്നും അറസ്റ്റിലായ അജയ്‌യുടെ കയ്യില്‍ നിന്ന് 251.76 ഗ്രാം മെത്താംഫിറ്റമിനാണ് എക്സൈസ് പിടികൂടിയത്. ഇയാള്‍ ലഹരി വില്‍പനയ്ക്ക് ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബെംഗളൂരുവില്‍ നിന്ന് ലഹരി മലപ്പുറത്ത് എത്തിച്ച് വില്‍പന നടത്തുകയാണ് യുവാവ് ചെയ്തിരുന്നത്. ഇന്നലെ ലഹരിയുമായി വരുന്ന വഴിയാണ് എക്സൈസ് പിടികൂടിയത്. തൊണ്ടയാട് ബൈപ്പാസില്‍ പാലാഴി മേല്‍പ്പാലത്തിനടിയില്‍ എത്തിയപ്പോഴാണ് എക്സൈസ് വലയിലായത്. ഇന്‍റലിജന്‍സ് വിവിരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ബാഗില്‍ നിന്ന് മെത്താംഫിറ്റമിന്‍ കണ്ടെടുത്തത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് ഗൂഗിള്‍ മാപ്പ് വഴിയുള്ള ലഹരി വില്‍പ്പന പുറത്തായത്.
അക്കൗണ്ടില്‍ പണം ലഭിച്ചാല്‍ ലഹരിമരുന്ന് സിഗരറ്റ് പാക്കറ്റുകളിലാക്കി പൊതിഞ്ഞ് സ്ഥലം കണ്ടെത്തി ഒളിപ്പിക്കുകയാണ് ചെയ്യുക. തുടര്‍ന്ന് സ്ഥലത്തിന്‍റെ ഗൂഗിള്‍ മാപ്പ് ലൊക്കേഷന്‍ ആവശ്യക്കാര്‍ക്ക് അയച്ചുനല്‍കും. ഇയാള്‍ സ്ഥലത്ത് നിന്ന് മടങ്ങിയശേഷം ആവശ്യക്കാര്‍ സ്ഥലത്തെത്തി സാധനം കൈക്കലാക്കും. ഇതാണ് പതിവ് രീതി. മെക്കാനിക്കല്‍ എന്‍ജിനീയറായി ജോലി ചെയ്തു വരികയായിരുന്നു അജയ് പിന്നീട് പതിയെ ലഹരി കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു. ആര്‍ക്കുവേണ്ടിയാണ് ലഹരി എത്തിച്ചത് എന്നതടക്കമുള്ള വിവരങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്. അജയ്‌യെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.