റെയിൽവേ ട്രാക്കിൽ തടി കയറ്റിവച്ച് രണ്ടു തവണ ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് റെയിൽവേ ജംക്‌ഷനിൽ നിന്ന് 5 കിലോമീറ്റർ അകലെ മലമ്പുഴ പന്നിമട ഭാഗത്തെ ട്രാക്കിലാണ് സംഭവം. രണ്ടു ട്രെയിനുകളിലെയും ലോക്കോപൈലറ്റുമാരുടെ സമയോചിത ഇടപെടലിനെ തുടർന്ന് വൻദുരന്തം ഒഴിവായി. ഒഡീഷ ബെല്ലി ഫക്കേരി സ്വദേശി ബിനോദ മല്ലിക്കിനെ മണിക്കൂറുകൾക്കുള്ളിൽ മലമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതി റിമാൻഡ് ചെയ്തു. ട്രെയിൻ അട്ടിമറി ശ്രമത്തിനു റെയിൽവേ ആക്ട് പ്രകാരം ജാമ്യമില്ലാക്കുറ്റം ചുമത്തിയാണു കേസ്. ട്രാക്കിനു സമീപത്തെ ക്രഷർ യൂണിറ്റിലെ അതിഥിത്തൊഴിലാളിയാണു ബിനോദ മല്ലിക്ക്.പുലർച്ചെ 2.40നു കന്യാകുമാരി വിവേക് എക്സ്പ്രസിലെ ലോക്കോ പൈലറ്റാണ് 400 മീറ്റർ അകലെ നിന്ന് ആദ്യതവണ ട്രാക്കിൽ മരത്തടി കണ്ടെത്തിയത്. തുടർന്ന് ട്രെയിൻ നിർത്തി സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചു.
ട്രാക്കിനു സമീപത്തെ ക്രഷർ യൂണിറ്റിലെ അതിഥിത്തൊഴിലാളികളെ ചോദ്യം ചെയ്തപ്പോഴാണു പ്രതിയെക്കുറിച്ചു സൂചന കിട്ടിയത്. പെൺസുഹൃത്തുമായി പിണങ്ങിയതിന്റെ ദേഷ്യത്തിൽ മദ്യപിച്ചാണു കുറ്റം ചെയ്തെന്നാണു മൊഴി. പുലർച്ചെ രണ്ടോടെയാണു മരത്തടിവച്ചത്. ആദ്യശ്രമം വിഫലമായതിനാലാണ് രണ്ടാമതും ട്രാക്കിൽ തടി വച്ചതെന്നു പ്രതിയുടെ മൊഴിയിലുണ്ട്. 2020ലും ഇതേ ഭാഗത്തു ട്രാക്കിൽ കല്ലുകൾ കയറ്റിവച്ച് അട്ടിമറി ശ്രമം നടത്തിയിരുന്നു
ട്രെയിനിലെ ആർപിഎഫ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ തടി നീക്കം ചെയ്ത് യാത്ര തുടർന്നു. 3.30 ന് ഗുഡ്സ് ട്രെയിനിലെ ലോക്കോപൈലറ്റും ട്രാക്കിൽ തടിയിരിക്കുന്നതു കണ്ടു ട്രെയിൻ നിർത്തി സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചു. ഇതോടെ റെയിൽവേ ഉന്നത ഉദ്യോഗസ്ഥരും ആർപിഎഫും ഇന്റലിജൻസ് ഉദ്യോഗസ്ഥരും മലമ്പുഴ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.