The accused, allegedly involved in a case of rape, and blackmail of college students, is escorted by police after being produced before the district court, in Bhopal on Monday. (ANI Photo)

ഭോപ്പാലില്‍ കസ്റ്റ‍ഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ബലാല്‍സംഗക്കേസ് പ്രതിയെ വെടിവച്ച് പൊലീസ്. വെള്ളിയാഴ്ച രാത്രി തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. ബിൽകിസ്ഗഞ്ചിലേക്കുള്ള യാത്രാമധ്യേ കേസിലെ പ്രതിയായ ഫർഹാൻ അലി എസ്ഐയുടെ പിസ്റ്റള്‍‌ തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെ യുവാവിന്‍റെ കാലിന് വെടിവച്ച് പൊലീസ് കീഴ്പ്പെടുത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതിക്ക് യാതൊരു കുറ്റബോധവും ഇല്ലായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.

ഒട്ടേറെ വിദ്യാർഥിനികളെ ലഹരി നൽകി ബലാല്‍സംഗം ചെയ്ത കേസിലെ പ്രധാനപ്രതിയാണ് യുവാവ്. ബലാല്‍സംഗ ദൃശ്യങ്ങള്‍‌ പകര്‍ത്തി പ്രതി പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസിന് ലഭിച്ച പരാതിയില്‍ പറയുന്നു. ഒരു സ്വകാര്യ കോളജിലെ മൂന്ന് വിദ്യാർഥിനികളാണ് ആദ്യം പരാതി നല്‍കിയത്. ശേഷം മറ്റൊരു വിദ്യാര്‍ഥിനിയും പരാതിയുമായി എത്തി. ബിൽകിസ്ഗഞ്ചിൽ കേസിലെ മറ്റൊരു പ്രതിയായ അബ്രാറിനൊപ്പം ഒരു മുറിയിൽ താമസിച്ചതായി ഫർഹാൻ അലി സമ്മതിച്ചിരുന്നു. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി ഇവിടേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചത്.

‌റാത്തിബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സർവാർ ഗ്രാമത്തിലെത്തിയപ്പോള്‍ പ്രതി ശുചിമുറി പോകണമെന്ന്  ആവശ്യപ്പെട്ടു. പൊലീസ് വാഹനം നിര്‍ത്തിയതിന് പിന്നാലെ പ്രതി ഒരു സബ് ഇൻസ്പെക്ടറുടെ പിസ്റ്റൾ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് പ്രതിയും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഒടുവില്‍  രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവച്ച് വീഴ്ത്തി.  പ്രതിയെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. 

കേസില്‍ ഫർഹാൻ അലി ഉൾപ്പെടെ നാല് പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റ് നഗരങ്ങളിൽ നിന്ന് ഭോപ്പാലിൽ പഠനത്തിനായി എത്തിയ പെൺകുട്ടികളെയാണ് ഫർഹാനും കൂട്ടാളികളും പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. പെണ്‍കുട്ടികളുമായി ബന്ധം സ്ഥാപിക്കുന്ന സംഘം ശേഷം പെൺകുട്ടികളെ ഹുക്ക ലോഞ്ചുകളിലേക്കോ പബ്ബുകളിലേക്കോ വാടക മുറികളിലേക്കോ എത്തിക്കുകയും അവിടെവച്ച് ലഹരി നല്‍കി ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയുമാണ് ചെയ്തിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിന്നീട് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുകയും മറ്റ് പെണ്‍കുട്ടികളെ പരിചയപ്പെടുത്തി നല്‍കാന്‍ പ്രതികള്‍ ഇവരെ നിർബന്ധിക്കുകയും ചെയ്യ്തതായി ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രതി ബലാല്‍സംഗം ചെയ്യുകയും ഇസ്‍ലാം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി അതിജീവിതകളില്‍ ഒരാളുടെ പരാതിയില്‍ പറയുന്നുണ്ട്. 

 കൂട്ടബലാല്‍സംഗം അടക്കം ഇന്ത്യന്‍ ന്യായസംഹിതയിലെ പ്രസക്തമായ വകുപ്പുകളും ഐടി നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്. ഭോപ്പാല്‍ നഗരത്തെ ഞെട്ടിച്ച സംഭവത്തില്‍ നഗരത്തിലുടനീളം അതിജീവിതകള്‍ക്ക് നീതി ആവശ്യപ്പെട്ട് പ്രതിഷേധങ്ങളുണ്ടായി. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും സംഭവത്തെ ശക്തമായി അപലപിച്ചിട്ടുണ്ട്. ദേശീയ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്ത് മൂന്നംഗ അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Farhan Ali is the main accused in a case where several students were drugged and raped. The police have also received complaints that the accused recorded videos of the assaults and blackmailed the victims. Three students from a private college filed complaints, followed by another student. Farhan Ali admitted to staying in a room with Abrar, another accused in the case, in Bilkisganj. He attempted to escape custody while being taken to gather more evidence.