എംഡിഎംഎയുമായി തിരുവനന്തപുരം സ്വദേശി തൗഫീഖ് പിടിയില്‍ . കൊച്ചി അഞ്ചുമനയിലെ വാടകവീട് കേന്ദ്രീകരിച്ച് നടത്തിയ എക്സൈസ് റെയ്ഡിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വീട് കേന്ദ്രീകരിച്ച് ലഹരിവ്യപാരം നടക്കുന്നെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് എറണാകുളം റെയിഞ്ച് ഇന്‍സ്പെക്ടര്‍ വി. സജിയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയത്.
വാതിലില്‍ മുട്ടിയപ്പോള്‍ തൗഫീഖാണ് വാതില്‍ തുറന്നത്. ലഹരി വില്‍പന നടക്കുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് എത്തിയതെന്നും എംഡിഎംഎ കൈവശമുണ്ടോ എന്നും എക്സൈസ് സംഘം ആരാഞ്ഞു . എന്നാല്‍ തൗഫീഖ് ആദ്യം ഇത് നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ടുഗ്രാം എംഡിഎംഎ കണ്ടെടുത്തു.
ആറുമാസമായി എംഡിഎംഎ ഉപയോഗിക്കാറുണ്ടെന്നും. തിരുവനന്തപുരം സ്വദേശിയില്‍ നിന്നാണ് വാങ്ങിയതെന്നും ഇയാള്‍ പറഞ്ഞു. ഇയാള്‍ കച്ചവടസംഘത്തിന്‍റെ ഭാഗമാണെന്നും എക്സൈസ് സംഘം സംശയിക്കുന്നു. അഞ്ചുമനയിലെ വീട്ടില്‍ ആറുമാസമായി ഇയാള്‍ താമസിക്കുന്നു. ഇയാള്‍ക്ക് മറ്റെന്തെങ്കിലും ജോലിയുള്ളതായി അറിയില്ലെന്നും സമീപവാസികള്‍ പറഞ്ഞു. അറസ്റ്റിലാകുമ്പോള്‍ ഇയാള്‍ക്കൊപ്പം ഒരു യുവതിയും ഉണ്ടായിരുന്നു. വീട്ടില്‍ നടത്തിയ പരിശോധനില്‍ എംഡിഎംഎ ഉപയോഗിക്കുന്നതിനായി ചുരുട്ടിയ നോട്ടുകളും കണ്ടെുത്തു.