ബെംഗളൂരുവില്‍ താമസസ്ഥലത്തുവച്ച് ഉറക്കത്തില്‍ താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി യുവാവ്. ബെംഗളൂരുവില്‍ പേയിങ് ഗസ്റ്റായി താമസിക്കുന്ന യുവാവാണ് ഇലക്ട്രോണിക്സ് സിറ്റി പൊലീസില്‍ പരാതി നല്‍കിയത്. ഏപ്രിൽ 18 ന് രാവിലെ ഉറക്കം എഴുന്നേറ്റപ്പോള്‍ തന്‍റെ സ്വകാര്യ ഭാഗങ്ങളിൽ വേദന അനുഭവപ്പെട്ടതായും തന്നെ ആരോ ലൈംഗികമായി പീഡിപ്പിച്ചതായും 29 വയസുകാരന്‍ തന്‍റെ പരാതിയില്‍ പറയുന്നു.
മുമ്പ് ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവാവ് നിലവില്‍ ജോലി രഹിതനാണ്. ഇലക്ട്രോണിക്സ് സിറ്റിയിലെ ദൊഡ്ഡതോഗുരുവിലുള്ള പിജിയിലാണ് താൻ മാസങ്ങളായി താമസിക്കുന്നതെന്ന് യുവാവ് പറയുന്നു. പാരാതിയില്‍ പറയുന്നത് പ്രകാരം ഏപ്രിൽ 17 ന് രാത്രി 10.30 ഓടെയാണ് യുവാവ് മുറി പൂട്ടി ഉറങ്ങാന്‍ കിടന്നത്. പിറ്റേന്ന് രാവിലെ 10.30 ഓടെ നെഞ്ചിലും മലദ്വാരത്തിലും വേദനയോടെയാണ് താന്‍ എഴുന്നേറ്റത്. കയ്യില്‍ കറുത്ത മഷി പുരണ്ടിരുന്നെന്നും യുവാവ് പറയുന്നു. തന്‍റെ മുറിയുടെ ലോക്കിന്റെ സ്ക്രൂ നീക്കം ചെയ്ത് ആരോ വാതിൽ തുറന്ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. നിലവില്‍ ആരെയും സംശയമില്ലെന്നും യുവാവ് പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
അതേസമയം, പരാതിക്കാരന്‍ തന്നെ ആദ്യം പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്താൻ വിസമ്മതിച്ചെന്നും വിക്ടോറിയ ആശുപത്രിയിൽ പരിശോധന നടത്താൻ നിർബന്ധിച്ചുവെന്നും പൊലീസ് പറയുന്നതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാൽ പരിശോധിച്ച ഡോക്ടർമാർ ലൈംഗിക പീഡനം നടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് തെറ്റാണെന്ന് അവകാശപെട്ട യുവാവ് വീണ്ടും പരിശോധന നടത്തണമെന്ന് നിര്‍ബന്ധിച്ചു. തുടര്‍ന്ന് മറ്റൊരു ഡോക്ടർ നടത്തിയ പരിശോധനയിലും ലൈംഗിക പീഡനം നടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുവാവിനെ മാനസികാരോഗ്യ വിദഗ്ദനെ കാണിക്കാനാണ് പൊലീസിന് ഡോക്ടര്‍മാര്‍ നല്‍കിയ നിര്‍ദേശം. എന്നാല്‍ പ്രതി സൈക്യാട്രിസ്റ്റുമായുള്ള കൂടിക്കാഴ്ചകൾ ഒഴിവാക്കാന്‍ ശ്രമിക്കുന്നതായും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പൊലീസ് പറയുന്നു.
യുവാവ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും ജോലിക്കായി ബെംഗളൂരുവിലേക്ക് താമസം മാറുന്നതിന് മുമ്പ് ചികിത്സയിലായിരുന്നെന്നും ബീഹാറിലെ യുവാവിന്‍റെ കുടുംബം പറഞ്ഞതായി പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതിക്കാരമായ യുവാവ് 2024 ൽ നടന്ന ഒരു കൊലപാതകശ്രമക്കേസിൽ പ്രതിയാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിസ്സാര കാര്യത്തിന് റൂംമേറ്റിനെ കുത്തി പരിക്കേല്‍പ്പിച്ചതാണ് കേസ്. കേസിന്‍റെ വിചാരണ നടന്നുകൊണ്ടരിക്കുകയാണ്.