കൈക്കൂലിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത എറണാകുളം മുൻ ആർടിഒയ്‌ക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്ത് പൊലീസ്. എളമക്കര സ്വദേശി ടി. എം ജേഴ്സൺ ഭാര്യ റിയ എന്നിവർക്കെതിരെയാണ് കേസ്. കോടതിയുടെ നിർദ്ദേശപ്രകാരമാണ് കൊച്ചി സെൻട്രൽ പോലീസിന്റെ നടപടി. വസ്ത്രവ്യാപാര സ്ഥാപനം തുടങ്ങാനെന്ന് പറഞ്ഞ് ഇടപ്പള്ളി സ്വദേശിയിൽ നിന്ന് 75 ലക്ഷം രൂപയാണ് തട്ടിയത്.
സ്ഥാപനം തുടങ്ങിയ ശേഷം പാർട്ണർഷിപ്പിൽ നിന്ന് ഒഴിവാക്കിയെന്നും പണം തിരികെ ചോദിച്ചപ്പോൾ ജേഴ്സൺ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. ജേഴ്സൺ ആർടിഒയായി ജോലി ചെയ്യുന്നതിനിടെ വാങ്ങിയ കൈക്കൂലി പണമാണ് ബിസിനസിൽ നിക്ഷേപിച്ചതെന്നാണ് വിജിലൻസിന്റെ നിഗമനം. സ്വകാര്യ ബസിന് പെർമിറ്റ് അനുവദിക്കാൻ കൈക്കൂലി വാങ്ങിയ ജേഴ്സനെ ഫെബ്രുവരിയിലാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. തുടർന്ന് സസ്പെൻഷനിലാണ് മുൻ ആർടിഒ.