പൊലീസ് രാജിനെതിരെ കടലിരമ്പുന്ന പ്രതിഷേധങ്ങളും സമരങ്ങളും നടത്തി ജയിലിലായ അനവധി സഖാക്കളുണ്ട്. സിപിഎം ഒന്ന് തിരിഞ്ഞുനോക്കിയാല്‍ അവരെ കാണാനൊക്കും. വര്‍ഗബഹുജന പ്രസ്ഥാനങ്ങളുടെ സമരവീഥിയില്‍ അടിച്ചമര്‍ത്തലിന്‍റെ റോളിലായിരുന്നു എന്നും പൊലീസ്. അതില്‍ നിന്നൊക്കെയുള്ള സാമൂഹ്യമോചനമായിരുന്നു കമ്മ്യൂണിസ്റ്റുകാര്‍ കണ്ട സ്വപ്നം. പക്ഷേ അതേ കമ്മ്യൂണിസ്റ്റുകാരാല്‍ ഭരിക്കപ്പെടുന്ന കാലത്ത് പൊലീസ് അതിക്രമങ്ങള്‍ തുടര്‍ക്കഥയാണ്, കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എത്രതവണ ഒറ്റപ്പെട്ട സംഭവമെന്ന് പ്രഖ്യാപിച്ചാലും പുറത്തുവന്ന പരാതികള്‍ മാത്രം മതി അതൊരു ശീലമായിരുന്നു പിണറായിക്കാലത്തെ പൊലീസിനെന്ന് മനസിലാക്കാന്‍. അതിലെ ഏറ്റവും പുതിയ പൊലീസ് കൈക്രിയയാണ് ഈ കണ്ടത്...
കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ വച്ചായിരുന്നു യുവതിക്കുനേരെ പൊലീസ് അതിക്രമം. 2024 ജൂണിലാണ് സംഭവം. ഷൈമോള്‍ക്ക് മര്‍ദനമേറ്റത്. മര്‍ദിച്ചത് സിഐ സി.ഐ. പ്രതാപചന്ദ്രന്‍. മര്‍ദനമേല്‍ക്കുമ്പോള്‍ ഷൈമോള്‍ ഗര്‍ഭിണിയാണ്. അതിക്രമത്തെപ്പറ്റി ഷൈമോളും ഭര്‍ത്താവും പൊലിസ് കംപ്ലയിന്റ് അതോറിറ്റിക്ക് പരാതി നല്‍കി. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. ഒന്നും സംഭവിച്ചില്ല. ഒടുവില്‍ ഹൈക്കോടതിക്ക് നല്‍കിയ പരാതിയിലാണ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരാതിക്കാരിക്ക് നല്‍കാന്‍ ഉത്തരവായത്. അങ്ങനെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അതോടെയാണ് കേരള മനസാക്ഷിയെ ഞെട്ടിച്ച പൊലീസ് ക്രൂരത പുറത്തറിയുന്നത്.