TOPICS COVERED

രോഗിയുമായി ആശുപത്രിയിലേക്ക് കുതിക്കുന്ന വേഗത്തില്‍ ഓടിയെത്തിയ ആംബുലന്‍സ് പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് പത്തുലക്ഷത്തിന്‍റെ വിദേശമദ്യം. ബിഹാറിലെ മുസാഫര്‍പുര്‍ ജില്ലയില്‍ കന്തി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ആംബുലന്‍സ് ഡ്രൈവര്‍ പൊലീസ് കസ്റ്റഡിയിലായി. 

നാല്‍പ്പത് കാര്‍ട്ടണ്‍ ബോക്സുകളിലാക്കിയാണ് വിദേശമദ്യം ആംബുലന്‍സില്‍ കൊണ്ടുപോയത്. എക്സൈസ് ഇന്‍സ്പെക്ടര്‍ ദീപക് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മദ്യം പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് ആംബുലന്‍സ് പരിശോധിച്ചത്. സിലിഗുരിയില്‍ നിന്ന് വെസ്റ്റ് ബംഗാളിലേക്കാണ് വിദേശമദ്യം ആംബുലന്‍സില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചത്. 

വാഹനത്തിനുള്ളിലെ രഹസ്യ അറിയിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവത്തില്‍ ഉള്‍പ്പെട്ടവരെ എല്ലാം ഉടന്‍ കണ്ടെത്തി നിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. രാത്രി വൈകി ഇത്തരത്തില്‍ മുന്‍പും മദ്യം കടത്തിയിട്ടുണ്ടെന്ന് ആംബുലന്‍സ് ഡ്രൈവര്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്. സിലിഗുരിയിലേക്ക് തന്നെയാണ് ഇതിനു മുന്‍പും ഇയാള്‍ മദ്യം കടത്തിയത്.

2016മുതല്‍ പൂര്‍ണ മദ്യനിരോധനമേര്‍പ്പെടുത്തിയിട്ടുള്ള സംസ്ഥാനമാണ് ബിഹാര്‍. മദ്യവില്‍പ്പനയും ഉപയോഗവും നിതീഷ് കുമാര്‍ സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ നിരോധിച്ചതാണ്. അവശ്യ സര്‍വീസായ ആംബുലന്‍സിലടക്കം മദ്യം കടത്തുന്ന സ്ഥിതി പരിതാപകരമാണെന്ന് രാഷ്ട്രീയ നേതാക്കളടക്കം പ്രതികരിച്ചു.

ENGLISH SUMMARY:

An ambulance rushing at high speed, seemingly carrying a patient to the hospital, was found to be smuggling foreign liquor worth ₹10 lakh. The incident took place under the Kanti Police Station limits in Bihar's Muzaffarpur district. The ambulance driver has been taken into police custody.