കാസർകോട് കാഞ്ഞങ്ങാട് നടന്ന കെ സെവൻസ് അഖിലേന്ത്യ ഫുട്ബോൾ മത്സരത്തിനിടെ റഫറിക്ക് ക്രൂര മർദനം. മലപ്പുറം വള്ളിക്കുന്ന് സ്വദേശിയും അധ്യാപകനുമായ എ.കെ. മുഹമ്മദ് റിഷാലിനാണ് മർദ്ദനമേറ്റത്. സൂപ്പർ സ്റ്റുഡിയോയ്ക്കെതിരെ ഫൗൾ വിളിച്ചതാണ് പ്രകോപന കാരണം. പരാതി നൽകിയിട്ട് പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നും ആക്ഷേപം.
ഏപ്രിൽ 16 നായിരുന്ന സംഭവം. കെഎംജി മാവൂരും സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറവും തമ്മില്‍ നടന്ന മത്സരത്തിനിടെ റഫറിയായ റിഷാലിന് മര്‍ദനമേല്‍ക്കുകയായിരുന്നു. മത്സരത്തിന്റെ 34-ാം മിനുട്ടിലായിരുന്നു സംഘര്‍ഷമുണ്ടായത്. സൂപ്പര്‍ സ്റ്റുഡിയോക്കെതിരെ ഫൗള്‍ വിളിച്ചതാണ് പ്രകോപനത്തിന് കാരണം. ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് സൂപ്പര്‍ സ്റ്റുഡിയോ താരത്തിന് യെല്ലോ കാര്‍ഡ് കാണിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സൂപ്പര്‍ സ്റ്റുഡിയോ താരങ്ങള്‍ റഫറിയെ മര്‍ദിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സഹിതം ഹോസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയ്യാറായില്ലെന്നാണ് ആക്ഷേപം. മൊഴി തിരുത്തി ഒപ്പീടിപ്പിച്ചെന്നും റിഷാൽ ആരോപിക്കുന്നു.
പരാതി പിന്‍വലിക്കാതെ റിഷാലിനെ മത്സരങ്ങളില്‍ റഫറിയായി വിളിക്കേണ്ടെന്നാണ് സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍റെ തീരുമാനമെന്നും ആരോപണമുണ്ട്. കളിക്കാരുടെ അക്രമവാസനക്കെതിരെ നടപടി ഉണ്ടാകണമെന്നാണ് റിഷാലിന്‍റെ ആവശ്യം.