swapna-vigilance-02

കെട്ടിട പെര്‍മിറ്റിനായി കൊച്ചി കോര്‍പറേഷന്‍ ഉദ്യോഗസ്ഥ കൈക്കൂലി വാങ്ങിയ കേസില്‍ കൂടുതല്‍ പണം കണ്ടെത്തി. വിജിലന്‍സ് പിടിയിലായ സ്വപ്നയുടെ കാറില്‍നിന്ന് 45,000 രൂപ കണ്ടെത്തി. അ‌നധികൃത സ്വത്ത് സമ്പാദിച്ചെന്ന  സംശയത്തെത്തുടര്‍ന്ന് സ്വത്ത് വിവരങ്ങള്‍ ശേഖരിച്ചു. ഓഫിസില്‍ വിജിലന്‍സ് പരിശോധന നടക്കുകയാണ്.

ജോലി കഴിഞ്ഞ് തൃശൂര്‍ കാളത്തോടുള്ള വീട്ടിലേക്ക് പോകുന്നതിനിടെയാണ് സ്വപ്ന കൈക്കൂലി വാങ്ങാനെത്തിയത്. കാറില്‍ മൂന്ന് കുട്ടികളും ഉണ്ടായിരുന്നു. മൂന്നുനില കെട്ടിടത്തിന് പെര്‍മിറ്റ് നല്‍കാന്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത് പതിനയ്യായിരം രൂപയായിരുന്നു. ഓരോ ഫ്ലോറിനും അയ്യായിരം രൂപയെന്ന നിലയ്ക്കാണ് കൈക്കൂലി. പെര്‍മിറ്റിനായി ജനുവരി മുതല്‍ സ്വപ്നയുടെ ഓഫീസില്‍ കയറിയിറങ്ങി നടക്കുകയാണ് പരാതിക്കാരന്‍. ഒടുവില്‍ ഗതികെട്ടതോടെ വിജിലന്‍സിനെ സമീപിച്ചു. എസ്പി എസ്. ശശിധരന്‍റെ നിര്‍ദേശപ്രകാരം ഡിവൈഎസ്പിമാരായ സുനില്‍, തോമസ് എന്നിവരൊരുക്കിയ ട്രാപ്പില്‍ സ്വപ്ന കുടുങ്ങി.

കൊച്ചി കോര്‍പ്പറേഷനിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടികയിലെ മുന്‍നിരക്കാരിയാണ് പിടിയിലായ സ്വപ്ന. വിജിലിന്‍സിന്‍റെ മുന്നില്‍ തന്നെ സ്വപ്നക്കെതിരെ പലരും പരാതിയുമായെത്തി. ഒന്നു രണ്ട് തവണ വിജിലന്‍സ് വിരിച്ച വലയില്‍ നിന്ന് സ്വപ്ന ഭാഗ്യംകൊണ്ട് ചാടിപ്പോയി. ഇത്തവണ ഭാഗ്യം സ്വപ്നയെ തുണച്ചില്ല. അനധികൃത സ്വത്ത് സമ്പാദനമടക്കം വിശദമായി പരിശോധിക്കാനാണ് വിജിലന്‍സിന്‍റെ തീരുമാനം.

ENGLISH SUMMARY:

In the bribery case involving a Kochi Corporation official accepting money for a building permit, Vigilance has recovered more cash. ₹45,000 was found in the car of Swapna, who was arrested. Following suspicions of illegal asset accumulation, Vigilance has begun collecting property details. Inspections are ongoing at the office.