കോഴിക്കോട് കൊടുവള്ളിയില്‍ യാത്രക്കാര്‍ക്ക് നേരെ സ്ഫോടക വസ്തുക്കള്‍ എറിഞ്ഞതിന് ആട് ഷമീര്‍ അടക്കമുള്ള പ്രതികള്‍ പിടിയിലായപ്പോള്‍ രക്ഷപ്പെട്ടത് തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ട. ഇയാള്‍ക്കായി പൊലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി. സംഘം കൊടുവള്ളിയില്‍ എത്തിയത് മറ്റൊരു ക്വട്ടേഷന്‍ ഏറ്റെടുത്താണെന്നാണ് സൂചന.
വെണ്ണക്കാട് കല്യാണ സംഘത്തിന് നേരെയാണ് ആട് ഷമീറും കൂട്ടരും പട്ടാപ്പകല്‍ സ്ഫോടക വസ്തുക്കള്‍ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ആട് ഷമീര്‍, കൊളവയല്‍ അസീസ് എന്നിവരെ പിടികൂടുന്നതിനിടെയാണ് തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടയായ ചിറയിന്‍കീഴ് സ്വദേശി കിടുക്ക് അമല്‍ രക്ഷപ്പെട്ടത്.
തിരുവനന്തപുരം ജില്ലയിലെ അഞ്ചിലധികം കേസുകളില്‍ പ്രതിയാണ് അമല്‍. കഴിഞ്ഞ ഡിസംബര്‍ 24ന് കിഴക്കോത്ത് സ്വദേശി മുഹമ്മദ് സാലിയെ വെട്ടിപരുക്കേല്‍പ്പിച്ച കേസില്‍ മുഖ്യപ്രതികളാണ് ആട് ഷമീറും സംഘവും. ഈ കേസിലും ആട് ഷമീറിനെ ചോദ്യം ചെയ്യും. ഇരുമ്പുവടി, പന്നിപ്പടക്കം അടക്കമുള്ള സന്നാഹങ്ങളുമായി സംഘം എത്തിയത് മറ്റൊരു ക്വട്ടേഷന്‍ ഏറ്റെടുത്ത് ആണെന്നാണ് സൂചന. ഈ ക്വട്ടേഷനെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.