ലഹരിക്കേസില്‍ സംവിധായകരെ ഒരു സുപ്രഭാതത്തില്‍ ഓടിപ്പോയി പിടികൂടിയതല്ല എക്സൈസ് സംഘം. ഒന്നരമാസത്തിലേറെയായി അവരറിയാതെ അവര്‍ക്ക് പിന്നാലെ തന്നെയുണ്ടായിരുന്നു കൊച്ചിയിലെ എക്സൈസ് ഉദ്യോഗസ്ഥര്‍. ഒരു മാസം മുന്‍പ് നടന്ന ഓപ്പറേഷനില്‍ നിന്ന് സിനിമക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് വ്യക്തമാക്കുന്നു എക്സൈസ് അസിസ്റ്റന്‍റ് കമ്മിഷണര്‍ എം.എഫ് സുരേഷ്.
ഫ്ലാറ്റ് നമ്പര്‍ 506
സിനിമക്കാരും സെലിബ്രിറ്റികളും അടക്കം ഹൈ പ്രൊഫൈല്‍ കക്ഷികള്‍ തങ്ങുന്ന മറൈന്‍ ഡ്രൈവിലെ പൂര്‍വ ഗ്രാന്‍ഡ് ബേ. ഇവിടെ ഫ്ലാറ്റ് നമ്പര്‍ 506. ഉടമ പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിര്‍. കൊച്ചിയിലെ സിനിമക്കാരുടെ ഒത്തുകൂടല്‍ കേന്ദ്രം. നിരവധി ഹിറ്റ് സിനിമകളുടെ ചര്‍ച്ചകളും ആലോചനകളും നടന്നിരുന്നത് ഈ ഫ്ലാറ്റ് കേന്ദ്രീകരിച്ചായിരുന്നു. സംവിധായകര്‍ക്ക് പുറമെ നടന്‍മാര്‍, ഛായാഗ്രാഹകര്‍, തിരക്കഥാകൃത്തുകള്‍ എന്നിങ്ങനെ സിനിമ മേഖലയിലെ പ്രമുഖരെല്ലാം പലപ്പോഴായി ഈ ഫ്ലാറ്റിലെത്തിയിട്ടുണ്ട്.
Read Also: യുവ സംവിധായകർ പ്രതികളായ ലഹരികേസ്; അന്വേഷണത്തിന് പ്രത്യേക സംഘം.
ചര്‍ച്ചകള്‍ക്ക് കൂട്ട് ലഹരി
സിനിമ ചര്‍ച്ചകള്‍ മൂക്കാന്‍ ലഹരിമരുന്നിനെ കൂട്ടുപിടിച്ചതോടെയാണ് 'ഫ്ലാറ്റ് നമ്പര്‍ 506' എക്സൈസിന്‍റെ നിരീക്ഷണത്തിലായത്. കഞ്ചാവിനപ്പുറം സിന്തറ്റിക് ലഹരി വലിയതോതില്‍ ഇവിടെ ഉപയോഗിച്ചിരുന്നുവെന്ന വിവരം വിശ്വസിക്കാവുന്ന കേന്ദ്രത്തില്‍ നിന്ന് ലഭിച്ചു. ഫെബ്രുവരി അവസാനത്തോടെ '506' എക്സൈസിന്‍റെ റഡാറില്‍. പതിവായി ഫ്ലാറ്റിലെത്തിയിരുന്ന ആളുകളെ മഫ്തിയിലുള്ള എക്സൈസ് സംഘം രാപ്പകല്‍ വ്യത്യാസമില്ലാതെ നിരീക്ഷിച്ചു. കൂടുതലും രാത്രിയിലായിരുന്നു ഒത്തുചേരലുകള്‍. പത്ത് മണിക്ക് ശേഷം തുടങ്ങുന്ന ചര്‍ച്ചകളും സംഗമങ്ങളും അതിരാവിലെ വരെ നീണ്ടുവെന്നാണ് എക്സൈസ് നല്‍കുന്ന വിവരം.
മാര്‍ച്ച് 16, ജസ്റ്റ് മിസ്
വിശ്വാസയോഗ്യമായ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം ഗ്രാന്‍ഡ് ബേയില്‍ എത്തി. നടന്‍മാരും സംവിധായകരുമടക്കം അന്ന് അവിടെ ഒത്തുകൂടിയിരുന്നു. സിന്തറ്റിക് ലഹരിയുടെ സാന്നിധ്യവും ഫ്ലാറ്റിലുണ്ടെന്ന് വിവരം. എന്നാല്‍ അന്ന് കെട്ടിടത്തിലെ മറ്റൊരു നിലയിലുണ്ടായ തര്‍ക്കം എക്സൈസിന്‍റെ ലക്ഷ്യം തുലച്ചു. അഭിഭാഷകരായ ചിലര്‍ ഉള്‍പ്പെട്ട തര്‍ക്കം ബഹളത്തിലേക്ക് നയിച്ചു. ഈ ബഹളം കേട്ട് സമീര്‍ താഹിറിന്‍റെ ഫ്ലാറ്റിലുണ്ടായിരുന്നവര്‍ സ്ഥലംവിട്ടു. അന്ന് എക്സൈസ് പരിശോധന നടത്തിയിരുന്നെങ്കില്‍ ലഹരിക്കേസില്‍ പ്രതികളായി പ്രമുഖരുടെ നീണ്ട നിര തന്നെ ഉണ്ടാകുമായിരുന്നു.
ഏപ്രില്‍ 26, 'We are Trapped'
മാര്‍ച്ച് പതിനാറിന് ഓപ്പറേഷന്‍ പാളിയെങ്കിലും എക്സൈസ് ഉദ്യോഗസ്ഥര്‍ ക്ഷമയോടെ കാത്തിരുന്നു. ഫ്ലാറ്റില്‍ നിരീക്ഷണം കൂടുതല്‍ കര്‍ശനമാക്കി. അങ്ങനെയാണ് ആദ്യശ്രമം പാളി നാല്‍പതാം ദിവസം എക്സൈസ് സംഘം ഗ്രാന്‍ഡ് ബേയിലേക്ക്. രാത്രി പതിനൊന്ന് മണിയോടെയെത്തിയ എക്സൈസ് ഇന്‍സ്പെക്ടര്‍ പ്രമോദും സംഘവും ഫ്ലാറ്റ് നമ്പര്‍ 506 ലക്ഷ്യമാക്കിനീങ്ങി. വാതില്‍ മുട്ടിയതോടെ ഒരാള്‍ മുറി തുറന്നു. എക്സൈസ് ഉദ്യോഗസ്ഥരെ അയാള്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല.
മുറി തുറന്ന വഴി ഉദ്യോഗസ്ഥര്‍ അകത്തുകയറി. കട്ടിലില്‍ ഹൈബ്രിഡ് കഞ്ചാവും വലിക്കാനുള്ള 'ബോങ്' (ചില്ലുകൊണ്ടുള്ള കുഴലുപോലുള്ള ഉപകരണം), കഞ്ചാവ് പൊടിക്കാനുള്ള ക്രഷര്‍ എന്നിവ സജ്ജമാക്കി ലഹരി ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു മൂന്നു പേര്‍.
ഖാലിദും അഷ്റഫും ഹൈബ്രിഡും
സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും സുഹൃത്ത് ഷാലിഫ് മുഹമ്മദും ഒന്നര ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് പിടിയിലായത്. ബാങ്കോക്കിലും, തായ് ലാന്‍ഡിലും ഉത്പാദിപ്പിക്കുന്ന കഞ്ചാവ് ഇവരുടെ കൈവശം വന്നത് എങ്ങനെ?, ആര് കൈമാറി?. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ് എക്സൈസ്. ഷാലിഫ് മുഹമ്മദാണ് കഞ്ചാവ് അന്ന് മുറിയിലെത്തിച്ചത്. ഈ കഞ്ചാവ് കൈമാറിയത് കൊച്ചിക്കാരനായ മറ്റൊരാളെന്നാണ് മൊഴി. ഇയാളെ ഷാലിഫിന് പരിചയപ്പെടുത്തി നല്‍കിയ ആളെ എക്സൈസ് കണ്ടെത്തി.
ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ ലഹരിയുടെ റൂട്ട് മാപ്പ് വ്യക്തമാകുമെന്നാണ് പ്രതീക്ഷ. ഒരു കിലോ ഹൈബ്രിഡ് കഞ്ചാവിന് കോടികളാണ് വില. വിദേശത്തു നിന്ന് വിമാനമാര്‍ഗം കേരളത്തിലെത്തിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റിയക്കുകയാണ് പതിവ്. സിനിമ മേഖലയിലുള്ളവര്ക്കിടയില്‍ ഹൈബ്രിഡ് കഞ്ചാവിന് ആവശ്യക്കാരേറിവരുന്നുവെന്നും അന്വേഷണത്തില്‍ എക്സൈസ് കണ്ടെത്തി. ഈ പശ്ചാത്തലത്തിലാണ് ഹൈബ്രിഡിന്‍റെ ഉറവിടം തേടിയുള്ള അന്വേഷണം.