യുവ സംവിധായകർ പ്രതികളായ ലഹരികേസിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ എം.എഫ് സുരേഷിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘതിനാണ് അന്വേഷണ ചുമതല. ഫ്ലാറ്റുടമയും സംവിധായകനുമായ സമീർ താഹിറിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇന്ന് നോട്ടീസ് അയക്കും. സമീറിന്റെ ഫ്ലാറ്റിൽ നിന്നാണ് കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവർ അറസ്റ്റിലായത്. ഇവർക്ക് ഹൈബ്രിഡ് കഞ്ചാവ് നൽകിയ കൊച്ചി സ്വദേശിക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇയാൾ ഒളിവിൽ പോയെന്നാണ് സൂചന. ജാമ്യത്തിലിറങ്ങിയ സംവിധായകരെയും വീണ്ടും ചോദ്യം ചെയ്യും.
അതേസമയം, ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്യൽ ഇന്നും തുടരും. റിയാലിറ്റി ഷോ താരം ജിന്‍റോ, സിനിമാ നിർമാതാവിന്‍റെ സഹായി ജോഷി എന്നിവർക്കാണ് ഇന്ന് ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുന്നത്. കേസിൽ സംശയനിഴലിലായിരുന്ന സിനിമ നടൻമാർക്കും മോഡലിനും അന്വേഷണ സംഘം ക്ലീൻ ചിറ്റ് നൽകി. ഇവരെ ചോദ്യം ചെയ്തിട്ടും കേസുമായി ബന്ധപ്പിക്കുന്ന തെളിവുകളോ മൊഴികളോ ലഭിച്ചില്ല. ലഹരിക്ക് അടിമയാണെന്ന് സമ്മതിക്കുകയും ചികിൽസയ്ക്ക് സമ്മതമറിയിക്കുകയും ചെയ്ത ഷൈൻ ടോം ചാക്കോയെ തെടുപുഴയിലെ ലഹരിമോചന കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.