ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി സിനിമ നടൻമാർക്ക് ബന്ധമില്ലെന്ന് എക്സൈസ് അന്വേഷണ സംഘം. ഈ കേസുമായി നടൻമാരെ ബന്ധിപ്പിക്കുന്ന തെളിവുകൾ ചോദ്യം ചെയ്യലിൽ ലഭിച്ചിട്ടില്ല എന്നും അന്വേഷണ സംഘം വ്യക്തമാക്കി. നടൻമാരായ ഷൈൻ ടോം ചാക്കോ ശ്രീനാഥ് ഭാസി, മോഡലായ കെ. സൗമ്യ എന്നിവരെ പത്തു മണിക്കൂറിലധികം ചോദ്യം ചെയ്ത് വിവരങ്ങൾ ശേഖരിച്ചു.
ഷൈൻ ടോം ലഹരിക്കടിമയാണെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചതിനാൽ ഷൈന്റെ ആഗ്രഹപ്രകാരം വിമുക്തി പദ്ധതിയിൽ ഉൾപ്പെടുത്തി. താരത്തെ തൊടുപുഴയിലെ ലഹരി ചികിൽസ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. നാളെ ബിഗ് ബോസ് റിയാലിറ്റി ഷോ താരം ജിന്റോ അടക്കം രണ്ടു പേരെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നാളെ ചോദ്യം ചെയ്യും.
അതേസമയം, സിനിമ നടന്മാരും സംവിധായകരും പ്രതികളാകുന്ന ലഹരിക്കേസുകളുടെ എണ്ണം വര്‍ധിച്ചതോടെ കൊച്ചിയിലെ സിനിമ സങ്കേതങ്ങളില്‍ സംയുക്ത പരിശോധനയ്ക്കൊരുങ്ങി അന്വേഷണ ഏജന്‍സികള്‍. സംസ്ഥാന കേന്ദ്ര ഏജന്‍സികളുടെ സഹകരണത്തോടെ പരിശോധനകളുണ്ടാകുമെന്ന് കൊച്ചി കമ്മിഷണര്‍ പുട്ട വിമലാദിത്യ വ്യക്തമാക്കി. സംവിധായകര്‍ പ്രതികളായ ലഹരിക്കേസില്‍ കൂടുതൽ നടന്മാരിലേക്കും സംവിധായകരിലേക്കും എക്സൈസ് അന്വേഷണം വ്യാപിപ്പിക്കും.
പരിശോധനയ്ക്കെത്തിയ ഡാന്‍സാഫ് സംഘത്തിന്റെ കണ്ണുവെട്ടിച്ച് കടന്ന ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ നോര്‍ത്ത് പൊലീസ് കേസെടുത്തത് ഈ മാസം പത്തൊന്പതിന്. എക്സൈസിന്റെ പരിശോധനയില്‍ ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാനം അഷ്റഫ് ഹംസയും പിടിയിലായത് ഇന്നലെ. മേക്കപ്പ് മാന്‍ അസിസ്റ്റന്റ് ഡയറക്ടര്‍മാരടക്കം സിനിമയിലെ അണിയറപ്രവര്‍ത്തകരും കഴിഞ്ഞ നാളുകളില്‍ പരിശോധനകളില്‍ കുടുങ്ങി . സിനിമ മേഖലയിലെ ലഹരിവ്യാപനത്തിന്റെ ആഴം വ്യക്തമായതോടെയാണ് കൊച്ചിയിലെ സിനിമക്കാരുടെ സങ്കേതങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കുന്നത്. സെറ്റുകള്‍ക്ക് അപ്പുറം സിനിമക്കാര്‍ ഒത്തുകൂടുന്ന ഫ്ലാറ്റുകള്‍ ഹോട്ടലുകള്‍ അടക്കം പരിശോധനയുടെ പരിധിയില്‍ ഉള്‍പ്പെടുത്തും.
സംവിധായകരെ അറസ്റ്റ് ചെയ്ത സമീറിന്റെ ഫ്ലാറ്റ് നമ്പർ 506 ലഹരിയിടപാടുകാരുടെ സങ്കേതമാണെന്ന നിർണായക വിവരം എക്സൈസിന് ലഭിച്ചു. ഇതേ കെട്ടിടത്തിലെ താമസക്കാരായ നടന്മാരടക്കം ഫ്ലാറ്റിൽ പതിവായി ഒത്തുകൂടിയിരുന്നു. ഫ്ലാറ്റിന്റെ ഉടമ സംവിധായകൻ സമീർ താഹിറിനെ ഉടൻ ചോദ്യം ചെയ്യും. ഷൈന്‍ ടോം ചാക്കോ പ്രതിയായ കൊച്ചിയിലെ ലഹരിക്കേസിലും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഷൈന്റെ ഫോണ്‍ പരിശോധിച്ചശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.