TOPICS COVERED

കൊല്ലത്ത് സ്ത്രീധനത്തിന്‍റെ പേരില്‍ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ ഇന്ന്  ശിക്ഷാവിധി. കരുനാഗപ്പളളി സ്വദേശിനിയായ തുഷാര ഭര്‍ത്താവിന്‍റെ ഓയൂര്‍ ചെങ്കുളത്തെ വീട്ടില്‍ വച്ച മരിച്ച കേസിലാണ് കൊല്ലം അഡീഷനല്‍ ജില്ലാ കോടതി വിധി പറയുക. തുഷാരയുടെ ഭര്‍ത്താവ് ചന്തുലാല്‍, ഭര്‍തൃമാതാവ് ഗീതാലാലി എന്നിവരാണ് പ്രതികള്‍.

സ്ത്രീധനത്തിന്റെ പേരിൽ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയത് രാജ്യത്തു തന്നെ ആദ്യ കേസാണ്. 28 വയസുകാരി തുഷാരയെ കൊന്ന കേസില്‍ ഭര്‍ത്താവ് ഒായൂര്‍ ചെങ്കുളം ചരുവിള വീട്ടിൽ ചന്തുലാലാണ് ഒന്നാംപ്രതി, രണ്ടാംപ്രതി ചന്തുലാലിന്‍റെ അമ്മ ഗീതാലാലി.  കൊലപാതകം. സ്ത്രീധന പീഡനം, അന്യായമായി തടങ്കലിൽ വച്ചു എന്നീ കുറ്റങ്ങളാണുളളത്. 2013 ലായിരുന്നു കരുനാഗപ്പളളി സ്വദേശി തുഷാരയും ചന്തുലാലും തമ്മിലുളള വിവാഹം. സ്ത്രീധന തുകയിൽ കുറവ് വന്ന രണ്ട് ലക്ഷം രൂപ മൂന്നു വർഷത്തിനുള്ളിൽ നൽകണമെന്ന് കാണിച്ച് പ്രതികൾ തുഷാരയെ കരാർ ഉണ്ടാക്കിയിരുന്നു. ഇത് ലഭിക്കാതെ വന്നതോടെ തുഷാരയെ പ്രതികള്‍ പട്ടിണിക്കിട്ട് കൊന്നു. 2019 മാർച്ച് 21നാണ് തുഷാര മരിച്ചത്. മൃതശരീരത്തിന്റെ ഭാരം വെറും 21 കിലോ  മാത്രമായിരുന്നു. ആമാശയത്തിൽ ഭക്ഷണ അംശം ഇല്ലെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സാക്ഷിമൊഴികളും മെഡിക്കല്‍‌ റിപ്പോര്‌ട്ടുകളും കേസില്‍ നിര്‍ണായകമായെന്ന് പ്രോസിക്യൂഷന്‍.

തുഷാരയെ സ്വന്തം കുടുംബവുമായി സഹകരിക്കാനോ കാണാനോ ചന്തുലാലും ഗീതാലീലയും സമ്മതിച്ചില്ല. തുഷാര സ്വന്തം കുഞ്ഞുങ്ങളെ താലോലിക്കാൻ പോലും അനുവദിക്കാതെ പ്രതികള്‍ ക്രൂരതകാട്ടി. കോടതിയില്‍ 23 സാക്ഷികളെ വിസ്തരിച്ചു. 35 രേഖകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി. പ്രതികള്‍ക്ക് ഉയര്‍ന്ന ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. 

ENGLISH SUMMARY:

The Kollam Additional District Court will deliver the verdict today in the dowry death case of Tushara, a native of Karunagappally, who died at her husband's residence in Chenkulam, Oyoor. Her husband Chanthulal and mother-in-law Geethalali are the accused in the case.